
കോട്ടയം: കോട്ടയം പാലായ്ക്കടുത്ത് തിടനാട്ടിൽ കാർ തോട്ടിൽ വീണ് യുവാവ് മരിച്ചു. തിടനാട് പാക്കേം തോട്ടിൽ വെട്ടിക്കോടത്തായിരുന്നു അപകടം. തിടനാട് സ്വദേശി കിഴക്കേൽ സിറിൽ (32) ആണ് മരിച്ചത്. രാത്രിയോടെ ഉണ്ടായ അപകട വിവരം മണിക്കൂറുകൾ വൈകി ഇന്ന് രാവിലെയാണ് പുറംലോകം അറിഞ്ഞത്.
തോട്ടിൽ ഒരു കാർ കിടക്കുന്ന കാഴ്ചയാണ് രാവിലെ ഈ വഴി പോയ ബൈക്ക് യാത്രക്കാരൻ കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തിടനാട് സ്വദേശിയായ സിറിൽ ആണ് മരിച്ചതെന്ന് പിന്നീട് സ്ഥിരീകരിച്ചു. രാത്രി ടൗണിൽ നിന്ന് മടങ്ങുന്നതിനിടെ കാർ നിയന്ത്രണം വിട്ട് തോട്ടിൽ വീണതാകാമെന്നാണ് പൊലീസിന്റെ നിഗമനം. രാത്രി മഴയായതിനാലാകാം നാട്ടുകാരാരും അപകട ശബ്ദം പോലും കേൾക്കാതിരുന്നതെന്നും പൊലീസ് കരുതുന്നു. മൃതദേഹം പാലാ ആശുപത്രിയിൽ പോസ്റ്റ്‍മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.