
തിരുവനന്തപുരം: എഫ്സിആർഎ നിയമ ഭേദഗതി ബില്ലിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശങ്കയുണ്ടെന്നും പുന:പരിശോധന വേണമെന്നും കർദിനാൾ ക്ലിമിസ് കാതോലിക ബാവ. ഏകാധിപത്യപരമായ അധികാരം നൽകുന്നതാണ് ഈ ബില്ലെന്നും ഈ അധികാരം ദുർവിനിയോഗം ചെയ്യപ്പെടാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിസ്സാരമായ കുറവുകളുടെ പേരിൽ ലൈസൻസ് റദ്ദാക്കപ്പെടുകയാണ്. പുതിയ ബിൽ കൂടിയാകുമ്പോൾ നിലനിൽപ്പ് ദുഷ്കരമാണ്. യഥാർത്ഥ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സംഘടനകളെ ബാധിക്കില്ലെന്നാണ് സർക്കാർ പറയുന്നത്. നിർബന്ധിത മതപരിവർത്തനം ചെയ്യുന്നവരെ ലക്ഷ്യമിടുമെന്ന് അഭ്യന്തര സഹമന്ത്രി തന്നെ പറയും. ക്രൈസ്തവ സ്ഥാപനങ്ങളെ കണ്ടുകെട്ടാനും നിരോധിക്കാനും അധികാരം നൽകുന്ന ബില്ലാണ് ഇത്. നിലവിലെ നിയമങ്ങൾ കർശനമാണ്. അത് പ്രകാരം 10,000ൽ അധികം എൻജിഓകളുടെ ലൈസൻസ് റദ്ദാക്കപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സംസ്ഥാനങ്ങളിലെ എംപിമാർ പാർലമെന്റിൽ ഇല്ല. ഈ സമയത്തെ ബിൽ അവതരണത്തിൽ ഔചിത്യം ചോദ്യം ചെയ്യപ്പെടുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശങ്കയുണ്ട്. ബില്ലിൽ പുനരാലോചന വേണം. ന്യൂനപക്ഷ കമ്മീഷനിൽ നിലവിൽ ക്രൈസ്തവ പ്രാതിനിധ്യം ഇല്ല. ന്യൂനപക്ഷ സംരക്ഷണം ഭരണഘടന ഉറപ്പ് നൽകുന്നതാണ്. സ്വഭാവികമായും ക്രൈസ്തവർക്കിടയിൽ അസ്വസ്ഥത ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷ നടത്തുന്നു. സുരേഷ് ഗോപിയുടെ നിർദ്ദേശം അനുസരിച്ച് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. പെസഹ വ്യാഴം, ദുഃഖ വെള്ളി ദിവസങ്ങളിൽ അധ്യാപകർക്ക് തെരഞ്ഞെടുപ്പ് പരിശീലനം നൽകുന്നു. ഇത്തരം കാര്യങ്ങൾ വരുമ്പോൾ അസ്വസ്ഥത ഉണ്ടാകും. വിശുദ്ധ വാര ദിവസങ്ങൾ ക്രൈസ്തവർക്ക് പ്രധാനപ്പെട്ടതാണ്. പടിപടിയായുള്ള ഇത്തരം നടപടികൾ അസ്വസ്ഥത ഉണ്ടാക്കുകയാണ്. ഇന്ന് കെസിബിസി ഓൺലൈനായി യോഗം ചേരുമെന്നും ബില്ലിൽ പുനഃപരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു.
ഒന്ന് കഴിയുമ്പോൾ മറ്റൊന്ന് ആയി നടക്കുന്നു. ദേവാലയങ്ങൾ ആക്രമിക്കപ്പെടുന്നു. നിയന്ത്രണങ്ങൾ വരുന്നു. ദേശവിരുദ്ധ പ്രവർത്തങ്ങൾ ഇല്ലാതാക്കാൻ മറ്റ് വഴികൾ ഉണ്ട്. എല്ലാ വിഭാഗങ്ങളെയും ചേർത്ത് നിർത്താൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ട്. അതാണ് ഭരണാധികാരികളുടെ മികവ്. തന്റെ അറിവിൽ സഭയുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ചർച്ച ചെയ്യുമ്പോൾ ക്ലാരിറ്റി വരുമെന്നും കർദിനാൾ ക്ലിമിസ് കാതോലിക ബാവ മാധ്യമങ്ങളോട് പറഞ്ഞു.
തെരുവിൽ ഇറങ്ങി പ്രക്ഷോഭം നടത്തുന്ന രീതിയില്ല. പാർലമെൻ്റിൽ എംപിമാർ ഇല്ലാത്ത സമയത്താണോ ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നത്? ഇതായിരുന്നില്ല മെച്ചപ്പെട്ട സമയം. സഭ നേതൃത്വം ബന്ധപ്പെട്ടവരുമായി സംസാരിക്കുന്നുണ്ട്. ഇതുവരെ പോസിറ്റീവ് മറുപടി കിട്ടിയിട്ടില്ല. നിലവിലെ ചട്ടങ്ങൾ തന്നെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ബൈബിൾ ഒരാൾക്ക് വായിക്കാൻ കൊടുത്താലും മതപരിവർത്തനം ആരോപിക്കപ്പെടുകയാണ്. നിരവധി സ്ഥാപനങ്ങളുടെ എഫ്സിആർഎ ലൈസൻസുകൾ റദ്ദാക്കപ്പെട്ടു. മതപരിവർത്തനം എന്ന പേരിൽ പുതിയ ചട്ടങ്ങൾ കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുമെന്ന് ആശങ്കയുണ്ട്. ആശങ്കകൾ ഉണ്ടാകുമ്പോൾ അത് തിരിച്ചറിയാനുള്ള വിവേകം വോട്ടർമാർക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam