സഭയിലെ പൊട്ടിത്തെറി പുതിയ തലത്തിലേക്ക്: കർദ്ദിനാളിനെതിരെ പ്രക്ഷോഭം ശക്തമാക്കും

By Web TeamFirst Published Jul 3, 2019, 6:50 AM IST
Highlights

ഞായറാഴ്ച പള്ളികളിൽ പ്രമേയം പാസ്സാക്കും. അതിരൂപത സംരക്ഷണ സമിതി രൂപീകരിക്കും. പരസ്യയോഗം അച്ചടക്ക ലംഘനമെന്ന് കർദ്ദിനാൾ പക്ഷം ഓറിയന്‍റല്‍ കോൺഗ്രിഗേഷനെ അറിയിക്കും

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ പൊട്ടിത്തെറി പുതിയ തലത്തിലേക്ക്. കർദിനാളിനെതിരെ പരസ്യ യോഗം ചേർന്ന വിമത വിഭാഗത്തിനെതിരെ ഔദ്യോഗിക പക്ഷം നടപടിക്കൊരുങ്ങുന്നു. ഇതിനിടെ കർദിനാളിനെതിരായ നീക്കത്തിൽ വിശ്വാസികളുടെ പിന്തുണകൂടി തേടാൻ വിമതവിഭാഗവും തീരുമാനിച്ചു.

വത്തിക്കാൻ പിന്തുണയോടെ അധികാരത്തിൽ തിരിച്ചെത്തിയ കർദിനാളിനെതിരെ പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനാണ് വിമതവിഭാഗം വൈദികരുടെ ആലോചന. ഇതിന് ശക്തമായ മറുപടി നൽകാനുള്ള ആലോചനയിലാണ് കർദ്ദിനാൾ വിഭാഗം. വത്തിക്കാൻ തീരുമാനത്തെ എതിർത്ത് പരസ്യ യോഗം ചേർന്ന വിമത വൈദികരുടെ നടപടി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് കർദ്ദിനാൾ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. 

ഇക്കാര്യം ഒറിയൻറൽ കോൺഗ്രിഗേഷനെ കൂടി അറിയിച്ച് ഇവർക്കെതിരെ നടപടി എടുക്കാനാണ് നീക്കം. വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത പത്തോളം വൈദികരെ സഭാ നടപടികളിൽ നിന്നും വിലക്കുന്നതടക്കമുള്ള നടപടികൾ എടുക്കുന്നതിനാണ് നീക്കം തുടങ്ങിയിരിക്കുന്നത്. ഇതുവഴി വിമത പ്രവർത്തനങ്ങൾക്ക് തടയിടാനാകുമെന്നാണ് കർദ്ദിനാൾ അനുകൂലികൾ കരുതുന്നത്. 

അടുത്ത ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. നടപടി മുന്നിൽ കണ്ട് വിമത വിഭാഗവും പ്രതിരോധം തുടങ്ങിയിട്ടുണ്ട്. കർദ്ദിനാളിനെതിരെ ഞായറാഴ്ച ഇടവകകളിൽ പ്രമേയം പാസ്സാക്കും. ഒപ്പം വിവരങ്ങൾ മാർപ്പാപ്പയെ അറിയിക്കുകയും ചെയ്യും. പ്രതിഷേധ പരിപാടികൾ ശക്തമാക്കാൻ അതിരൂപത സംരക്ഷണ സമിതിക്ക് കഴിഞ്ഞ ദിവസം രൂപം നൽകിയിട്ടുണ്ട്. 

319 ഇടവകകളാണ് അതിരൂപതയിലുള്ളത്. ഓരോ ഇടവകയിൽ നിന്നും രണ്ടു പേരെ വീതം ഉൾപ്പെടുത്തിയായിരിക്കും സംരക്ഷണ സമിതി രൂപീകരിക്കുക. പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കാൻ ബാങ്ക് അക്കൗണ്ടും തുറന്നു.

click me!