ശബരിമല സ്വർണക്കൊള്ള കേസിൽ, വിഎസ്എസ്സി റിപ്പോർട്ടിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ എസ്ഐടി വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് ഒരുങ്ങുന്നു. സ്വർണ്ണപ്പാളികളുടെ പുതിയ സാമ്പിളുകൾ ശേഖരിച്ച് മുംബൈയിലെ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലേക്ക് അയക്കാനാണ് തീരുമാനം
ശബരിമല ശ്രീകോവിലിലെ സ്വർണ്ണപ്പാളികളിൽ വീണ്ടും ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) ഒരുങ്ങുന്നു. നേരത്തെ വി എസ് എസ് സിയിൽ നടത്തിയ പരിശോധനയുടെ അന്തിമഫലത്തിൽ സ്വർണ്ണത്തിന്റെ അളവ് സംബന്ധിച്ചും പാളികൾ മാറ്റിയോ എന്നതിലും പൂർണ്ണമായ വ്യക്തത വരാത്ത സാഹചര്യത്തിലാണ് ഈ നീക്കം. സ്വർണ്ണപ്പാളികളുടെ കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് മുംബൈയിലെ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലെ അത്യാധുനിക ലാബിലേക്ക് അയക്കാനാണ് തീരുമാനം. വി എസ് എസ് സി റിപ്പോർട്ടിൽ, നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ അളവ് പ്രതികൾ പറഞ്ഞത് തന്നെയാണോ എന്നതടക്കം കൃത്യമായി പരിശോധിക്കും. കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് ഇക്കാര്യത്തിൽ കൂടുതൽ ശാസ്ത്രീയമായ ഉറപ്പ് വരുത്താനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. ഈ വിവരം എസ് ഐ ടി ഇന്ന് ഹൈക്കോടതിയെ അറിയിക്കാനാണ് സാധ്യത.

സ്വർണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
ശബരിമല സ്വര്‍ണക്കൊള്ളയിൽ സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിന് മുന്നിലെ സ്വർണപ്പാളികൾ പോറ്റി അടക്കമുള്ള പ്രതികൾ മാറ്റിയോ എന്നതിൽ ഇന്ന് എസ് ഐ ടി ഇന്ന് വ്യക്തത ഉണ്ടാക്കും. വി എസ് എസ് സി യിലെ വിദഗ്ധരെ കണ്ട് വിശദമായ റിപ്പോർട്ട് എസ് ഐ ടി തയ്യാറാക്കിയിരുന്നു. ആദ്യ റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നും വിശദമായ റിപ്പോർട്ട് വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. കടകംപള്ളി, അടൂർ പ്രകാശ് അടക്കമുള്ളവരെ ചോദ്യംചെയ്തതിന്‍റെ അടക്കം ഇതുവരെയുള്ള അന്വേഷണ വിശദാംശങ്ങളും കോടതിക്ക് കൈമാറും. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങള്‍. പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിൽ ഹൈക്കോടതി നേരത്തെ തൃപ്തി രേഖപ്പെടുത്തിയിരുന്നു. സ്വാഭാവിക ജാമ്യം തേടി എൻ വാസു ഇന്ന് അപേക്ഷ നൽകുമെന്നും വിവരമുണ്ട്. ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജിയിലും ഇന്ന് വാദം നടക്കും.



