'സഭയെ ഓർത്ത് മിണ്ടുന്നില്ല, അല്ലെങ്കിൽ സഭ തന്നെ വീഴും'; വിമത വൈദികർക്കെതിരെ കർദിനാൾ

By Web TeamFirst Published Jul 22, 2019, 9:28 AM IST
Highlights

കേരള കാതോലിക്കാ കോൺഗ്രസ് പ്രതിനിധികളോട് സംസാരിക്കവെയാണ് ക‍ർദിനാൾ മാർ ജോർജ് ആലഞ്ചേരി സമരം ചെയ്ത വൈദികർക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. വൈദികർ ഉപയോഗിച്ച സമരരീതികൾ സഭയ്ക്ക് ചേർന്നതല്ലെന്ന് കർദിനാൾ. 

കൊച്ചി: ക‍ർദിനാളിനെതിരെ സമരം ചെയ്ത വിമത വൈദികർക്കെതിരെ രൂക്ഷവിമർശനവുമായി മാർ ജോർജ് ആലഞ്ചേരി. സമരം ചെയ്ത വൈദികർക്ക് മറുപടി നൽകാത്തത് സഭയെ ഓർത്ത് മാത്രമാണ്. താൻ സത്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. എല്ലാറ്റിനും മറുപടി പറഞ്ഞ് ഇറങ്ങിയാൽ സഭ തന്നെ വീണു പോകുമെന്നും കർദിനാൾ പറയുന്നു. കേരള കാതോലിക്കാ കോൺഗ്രസ് പ്രതിനിധികളോട് സംസാരിക്കവെയാണ് ക‍ർദിനാൾ മാർ ജോർജ് ആലഞ്ചേരി സമരം ചെയ്ത വൈദികർക്കെതിരെ ആഞ്ഞടിച്ചത്. 

വൈദികർ ഉപയോഗിച്ച സമരരീതി ശരിയല്ലെന്ന് കർദിനാൾ യോഗത്തിൽ പറയുന്നു. എതിർപ്പ് പ്രകടിപ്പിച്ച സമരരീതികളിൽ തനിക്ക് വേദനയുണ്ട്. കോലം കത്തിക്കലും പ്രകടനവുമെല്ലാം രാഷ്ട്രീയ സമര പരിപാടികളാണ്. അതൊന്നും സഭയ്ക്ക് ചേർന്നതല്ല. 

അതേസമയം, സമരം ചെയ്ത വൈദികരെ തള്ളിക്കളയരുതെന്നും ക‍ർദിനാൾ പറഞ്ഞു. അവരെ സിനഡ് തിരുത്തും. ഭാവിയിലും സഭയ്ക്ക് എന്തെങ്കിലും ദോഷം വരണമെന്ന് താൻ ആഗ്രഹിക്കുന്നില്ല. ആദ്യം പ്രതിഷേധവുമായി രംഗത്തിറങ്ങിയ വിമത വൈദികരിൽ പലർക്കും ഇപ്പോൾ കാര്യങ്ങൾ ബോധ്യമായിട്ടുണ്ടെന്ന് കർദിനാൾ പറയുന്നു. ഇനി ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ് പ്രതിഷേധമുള്ളത്. ഭാവിയിൽ അവർക്കും സത്യം മനസ്സിലാകുമെന്നും കർദിനാൾ പറയുന്നു. 

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അതിരൂപതയുടെ ഭരണ ചുമതലയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം വൈദികർ അതിരൂപത ആസ്ഥാനത്ത് കഴിഞ്ഞയാഴ്ച ഉപവാസ സമരം നടത്തിയത്. ഭൂമിയിടപാടിൽ കർദിനാളിനെതിരെ നിലപാടെടുത്ത വൈദികരെ വ്യാജരേഖ കേസിന്‍റെ പേരിൽ വേട്ടയാടുകയാണെന്നും സമരം ചെയ്യുന്ന വൈദികർ ആരോപിച്ചു.

വിവാദ ഭൂമി ഇടപാടിലും വ്യാജരേഖ കേസ് അടക്കമുള്ള വിഷയങ്ങളിലും കർദിനാളും ഒരു വിഭാഗം വൈദികരും തമ്മിൽ നിലനിൽക്കുന്ന ഭിന്നതയാണ് സഭ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സമരത്തിലേക്ക് നയിച്ചത്. ഭൂമി ഇടപാട് കേസിൽ കർദ്ദിനാളിനെതിരെ പ്രത്യക്ഷ നിലപാട് സ്വീകരിച്ച മുൻ വൈദിക സമിതിയിലെ സെക്രട്ടറിയെ പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് വൈദികർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

മൂന്ന് ദിവസം നീണ്ട സമരം ഒടുവിൽ സ്ഥിരം സിനഡ് ഇടപെട്ടാണ് ഒത്തു തീർപ്പായത്. വൈദികരുമായി സ്ഥിരം സിനഡ് നടത്തിയ ചര്‍ച്ചയ്‍ക്ക് പിന്നാലെ സമരം അവസാനിപ്പിച്ചു. സഹായ മെത്രാന്മാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഇടപെടുമെന്ന് സിനഡ് വൈദികര്‍ക്ക് ഉറപ്പ് നല്‍കി. വ്യാജരേഖാ കേസില്‍ പീഡിപ്പിക്കുന്നെന്ന പരാതിയിലും ഇടപെടും. അടുത്തമാസം ചേരുന്ന പൂര്‍ണ സിനഡ് കർദിനാളിനെതിരായ മറ്റ് പരാതികള്‍ ചര്‍ച്ച ചെയ്യുമെന്നും അന്ന് വിമത വൈദികർക്ക് സ്ഥിരം സിനഡ് ഉറപ്പ് നൽകിയിരുന്നു. 

click me!