
കൊച്ചി: സിറോ മലബാർ സഭയിൽ (Syro Malabar Church) കുർബാന പരിഷ്കരിക്കുന്നതിൽ നിലപാടിൽ ഉറച്ച് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി (george alencherry). തീരുമാനം നേരത്തെ എടുത്തതാണെന്നും ഈമാസം 28 ന് തന്നെ പരിഷ്കരിച്ച കുർബാന നടപ്പിലാക്കുമെന്നും കർദിനാൾ വ്യക്തമാക്കി. ഒരു വിഭാഗം വൈദികരും, വിശ്വാസികളും പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണ് കർദ്ദിനാൾ നിലപാട് പരസ്യമാക്കിയത്.
സിറോ മലബാർ സഭയുടെ ആരാധനാവത്സരം ആരംഭിക്കുന്ന നവംബര്‍ 28 ന് സിറോ മലബാർ സഭയിലെ ബസലിക്ക, തീർത്ഥടാന കേന്ദ്രങ്ങളിലും ഈസ്റ്റർ ദിനത്തിൽ മറ്റ് ഇടവക പള്ളികളിലും കുർബാന പരിഷ്കാരം നടപ്പാക്കാനാണ് സിനഡ് നൽകിയ നിർദ്ദേശം. ജനാഭിമുഖ കുർബാന നടക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയടക്കം തീരുമാനത്തിൽ കടുത്ത പ്രതിഷേധത്തിൽ നിൽക്കുന്പോഴാണ് കർദ്ദിനാൾ നിലപാട് ഒന്നുകൂടി ആവർത്തിച്ചത്.
ആരാധന ക്രമത്തിലെ പരിഷ്കാരം വത്തിക്കാൻ അനുമതിയോടെയാണ് നടപ്പാക്കുന്നതെന്നാണ് സഭാ നേതൃത്വം പറയുന്നത്. എന്നാൽ, എറണാകുളം അങ്കമാലി അതിരൂപതയടക്കം 8 ഓളം അതിരൂപതകൾ ജനാഭിമുഖ കുർബാന മാറ്റുന്നതിനെ എതിർക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വൈദികരും വിശ്വാസികളും സഭാ ആസ്ഥാനത്തേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam