ചുറ്റും പ്രളയജലമുയര്‍ന്നിട്ടും വീട് സുരക്ഷിതം, വീട്ടുകാര്‍ ഹാപ്പി; ഇത് കെയര്‍ ഹോം പദ്ധതിയിലെ വീട്

By Web TeamFirst Published Aug 12, 2019, 9:14 AM IST
Highlights

വെള്ളത്തെ അതിജീവിക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നാലടിയോളം ഉയരത്തിൽ 36 കോൺക്രീറ്റ് റിങ്ങുകൾക്കു മുകളിലാണു വീട് നില്‍ക്കുന്നത്. ഭാരം കുറഞ്ഞ കട്ടകൾ ഉപയോഗിച്ചാണ് വീടിന്‍റെ നിർമാണം. 

ചിങ്ങോലി: മുന്‍വര്‍ഷത്തെ പ്രളയത്തില്‍ നിന്ന് സര്‍ക്കാര്‍ പാഠം ഉള്‍ക്കൊണ്ടില്ലെന്ന വിമര്‍ശനം ശക്തമാവുന്നതിനിടെ സഹകരണ വകുപ്പിന്‍റെ കീഴില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ വീടിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. കെയർ ഹോം പദ്ധതി പ്രകാരം ചിങ്ങോലിയിൽ നിർമ്മിച്ചു നൽകിയ വീടാണ് ചര്‍ച്ചയ്ക്കാധാരം. ഉയര്‍ന്നുവരുന്ന പ്രളയ ജലത്തെ ഭയക്കാതെ വീട്ടില്‍  തന്നെ കഴിയാമെന്നതാണ് വീടിന്‍റെ പ്രത്യേകത. ചെറുതന പാണ്ടി ചെറുവള്ളിൽ തറയിൽ ഗോപാലകൃഷ്ണന്‍റേതാണ് വീട്.

കഴിഞ്ഞ  പ്രളയത്തിൽ വീടു പൂർണമായി നശിച്ച് പോയതിനെ  തുടർന്നു കെയർഹോം പദ്ധതി പ്രകാരം ഗോപാലകൃഷ്ണന് പ്രളയത്തെ അതിജീവിക്കുന്ന വീട് നിർമിച്ചു നൽകുകയായിരുന്നു. വെള്ളത്തെ അതിജീവിക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നാലടിയോളം ഉയരത്തിൽ 36 കോൺക്രീറ്റ് റിങ്ങുകൾക്കു മുകളിലാണു വീട് നില്‍ക്കുന്നത്. ഭാരം കുറഞ്ഞ കട്ടകൾ ഉപയോഗിച്ചാണ് വീടിന്‍റെ നിർമാണം. വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഷീറ്റുകൾ കൊണ്ടാണു മേൽക്കൂര ഒരുക്കിയിരിക്കുന്നത്.  

550 ചതുരശ്ര അടിയിൽ 3 മുറികളും ഹാളും അടുക്കളയുമുള്ള വീടിന് 11 ലക്ഷത്തോളം രൂപയാണ് ചെലവ് വന്നത്. വീടിന് ഒരു വശത്ത് ചാനലും ഒരു വശത്ത് പമ്പാ നദിയും സ്ഥിതി ചെയ്യുന്ന വീട്ടിലുള്ളവര്‍ക്ക് ചുറ്റിനും വെള്ളമുയര്‍ന്നിട്ടും ഇവിടെ ഭയമില്ലാതെ താമസിക്കാന്‍ കഴിയും. നിലവില്‍ ഇവരുടെ വീടിന് ചുറ്റും രണ്ടടിയോളം ഉയരത്തില്‍ വെള്ളമുണ്ടെങ്കിലും പ്രളയ ഭീതി വലയക്കുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. 
 

click me!