കാർട്ടൂൺ വിവാദം: മതങ്ങളെ അപമാനിക്കുന്നത് ആവിഷ്‍കാര സ്വാതന്ത്ര്യമല്ലെന്ന് കെ മുരളീധരൻ

By Web TeamFirst Published Jun 13, 2019, 11:53 AM IST
Highlights

ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരിൽ മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു

കണ്ണൂർ: ലളിതകല അക്കാദമിയുടെ പുരസ്കാരം നേടിയ കാർട്ടൂണിന്‍റെ മേലുണ്ടായ വിവാദത്തിൽ പ്രതികരണവുമായി കെ മുരളീധരൻ എംപി. മതങ്ങളെ അപമാനിക്കുന്നത് ആവിഷ്‍കാര സ്വാതന്ത്ര്യമല്ലെന്ന് മുരളീധരൻ കണ്ണൂരിൽ പറഞ്ഞു. സിഒടി നസീർ വധശ്രമക്കേസിൽ എഎൻ ഷംസീർ എംഎൽഎയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരിൽ മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ കാർട്ടൂൺ പരിശോധിച്ചുവെന്നും ആ കാർട്ടൂൺ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സർക്കാർ വിലയിരുത്തിയെന്നും സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ ഇന്നലെ പറഞ്ഞിരുന്നു. 

ഇത് അംഗീകരിക്കാൻ കഴിയില്ല. അവാർഡ് നിർണയം ലളിതകല അക്കാദമി പുനഃപരിശോധിക്കണം. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാർട്ടൂണാണിത്. ഇതിൽ എതിർപ്പില്ല. എന്നാൽ, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഒപ്പം നിൽക്കാത്തതിനുള്ള പ്രതികാരം എന്ന് ആരോപിച്ച് കത്തോലിക്കാ സഭയിലെ  ഒരു വിഭാഗം  കാർട്ടൂണിനെതിരെ രംഗത്തെത്തിയിരുന്നു. 

പൂവൻ കോഴിക്ക് ഫ്രാങ്കോയുടെ മുഖം, കോഴിയുടെ നിൽപ്പ് പൊലീസിന്‍റെ തൊപ്പിക്ക് മുകളിലും തൊപ്പി പിടിക്കുന്നത് പിസി ജോർജ്ജും ഷൊർണ്ണൂർ എംഎൽഎ പികെ ശശിയും എന്നതായിരുന്നു കാർട്ടൂൺ. പീഡന കേസിൽ പ്രതി ചേർക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോയുടെ കയ്യിലെ മെത്രാൻ സ്ഥാനീയ ചിഹ്നത്തിൽ അടിവസ്ത്രത്തിന്‍റെ ചിത്രം ചേർത്ത ഈ കാർട്ടൂണിനായിരുന്നു കേരള ലളിത കലാ അക്കാഡമി മികച്ച കാർട്ടൂണിനുള്ള പുരസ്‌കാരം നൽകിയത്. സുഭാഷ് കെ കെ വരച്ച കാർട്ടൂൺ കേരള ശബ്ദത്തിന്‍റെ സഹ പ്രസിദ്ധീകരണമായ ഹാസ്യ കൈരളിയിലാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചിരുന്നത്. 
 

click me!