പാലക്കാട് ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ രേഖകളില്ലാതെ കണ്ടെത്തിയ 21 കുട്ടികളെ ബിഹാറിലേക്ക് തിരിച്ചയച്ചു. കോഴിക്കോട് ആസ്ഥാനമായുള്ള മതപഠന കേന്ദ്രത്തിന് ജെജെ ആക്ട് പ്രകാരം അംഗീകാരമില്ലാത്തതിനാലാണ്  കുട്ടികളെ തിരിച്ചയക്കാൻ കാരണം

പാലക്കാട്: പാലക്കാട് ജില്ലയിലെ ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ രേഖകളില്ലാതെ കണ്ടെത്തിയ 21 കുട്ടികളെ ബിഹാറിലേക്ക് തിരിച്ചയച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മതപഠന കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന കുട്ടികളെയാണ് തിരിച്ചയച്ചത്. മതസ്ഥാപനത്തിന് ജെജെ ആക്ട് പ്രകാരം അംഗീകാരമില്ലാത്തതാണ് കുട്ടികളെ തിരിച്ചയക്കാൻ കാരണം. കഴിഞ്ഞ മാസം പത്തിനാണ് തിരിച്ചറിയൽ രേഖകളില്ലാതിരുന്ന 21 കുട്ടികളുമായി രണ്ട് ബിഹാർ സ്വദേശികളെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊലീസ് നടത്തിയ തുടരന്വേഷണത്തിൽ കുട്ടികളെ കോഴിക്കോടുള്ള മതസ്ഥാപനത്തിലേക്ക് കൊണ്ടുവന്നതാണെന്ന് വ്യക്തമായിരുന്നു. ബിഹാർ കിഷൻഗഞ്ച് ജില്ലയിൽ നിന്നുള്ളവരായിരുന്നു കുട്ടികൾ. രേഖകളില്ലാതെ കുട്ടികളെ എത്തിച്ചതിന് പിന്നിൽ മനുഷ്യക്കടത്താണോ എന്ന് ആധ്യം പൊലീസ് സംശയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് റെയിൽവെ സ്റ്റേഷനിൽ വച്ച് ഇവരെ തടഞ്ഞത്. കഴിഞ്ഞ ഒരു മാസത്തോളമായി കുട്ടികളെ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ് പാർപ്പിച്ചിരുന്നത്. കോഴിക്കോട്ടെ മതപഠന സ്ഥാപനത്തിൽ താമസിച്ച് പഠിക്കാനായി കൊണ്ടുവന്ന കുട്ടികളാണെന്ന് പിന്നീട് വ്യക്തമായി. എന്നാൽ ഈ സ്ഥാപനത്തിന് ജെജെ ആക്ട് പ്രകാരം അംഗീകാരമില്ലാത്തതിനാൽ കുട്ടികളെ ഇവർക്ക് കൈമാറാൻ സാധിക്കില്ലെന്ന് വ്യക്തമായി.