
തിരുവനന്തപുരം: കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ്. വീരളത്ത്മഠത്തിൽ സുബ്ബരായൻ പോറ്റിയുടെയും കൃഷ്ണമ്മാളിന്റേയും മകനായി 1932 ജൂലൈ 9-നാണ് ജനനം. യഥാർത്ഥനാമം എസ്.സുകുമാരൻ പോറ്റിയെന്നാണ്.
1957-ൽ പൊലീസ് വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 1987-ൽ വഴുതക്കാട് പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് സിഐഡി വിഭാഗത്തിൽ നിന്ന് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറായി വിരമിച്ചു. മനഃശാസ്ത്രം മാസികയിൽ 17 വർഷം വരച്ച 'ഡോ.മനശാസ്ത്രി' എന്ന കാർട്ടൂൺ കോളം പ്രസിദ്ധമാണ്. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകനാണ്. കേരള കാർട്ടൂൺ അക്കാദമിയുടെ ചെയർമാനും സെക്രട്ടറിയുമായിരുന്നു. നർമകൈരളിയുടെ സ്ഥാപകനാണ്. 1996-ൽ ഹാസ്യ സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
കവിത, കഥ, നോവൽ, നാടകം ഉൾപ്പെടെ അൻപതിൽപ്പരം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2019 -ൽ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് താമസം മാറ്റി. സർക്കാർ കാര്യം, കോടമ്പക്കം, പ്ലഗ്ഗുകൾ, അ, കൂത്തമ്പലം, കുടുമ, ഒട്ടിപ്പോ എന്നിങ്ങനെയാണ് ഹാസ്യ നോവലുകൾ. ഒരു നോൺ ഗസറ്റഡ് ചിരി, രാജാകേശവദാസൻ, ഞാൻ എന്നും ഉണ്ടായിരുന്നു, സുസ്‌മിതം, ഓപ്പറേഷൻ മുണ്ടങ്കുളം, ഹാസ്യം സുകുമാരം, അട്ടയും മെത്തയും, ഊളനും കോഴിയും, കൊച്ചിൻ ജോക്ക്‌സ്, കാക്കിക്കഥകൾ, സുകുമാർ കഥകൾ, അഹം നർമ്മാസ്‌മി, ഹാസ്യപ്രസാദം എന്നിങ്ങനെയാണ് ഹാസ്യ കഥാസമാഹാരങ്ങൾ.
പൊതുജനം പലവിധം, ജനം, കഷായവും മേമ്പൊടിയും, കഷായം, ചിരിചികിത്സ, സുകുമാര ഹാസ്യം എന്നിവയാണ് ഹാസ്യലേഖനസമാഹാരങ്ങൾ.സോറി റോങ് നമ്പർ, തല തിരിഞ്ഞ ലോകം, ഒത്തുകളി എന്നിങ്ങനെ ഹാസ്യനാടകങ്ങൾ. വായിൽ വന്നത് കോതയ്ക്ക് പാട്ട് എന്ന ഹാസ്യ കവിതാ സമാഹാരത്തിന് 1996 ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഈവി സ്‌മാരക സമിതിയുടെ പുരസ്കാരവും നേടിയിട്ടുണ്ട്.
https://www.youtube.com/watch?v=E-QN6pQ8hjE
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam