കര്‍ണാടകയില്‍ നിന്ന് കെപിസിസി ഏര്‍പ്പാടാക്കിയ ബസിലെത്തിയവരെ കോട്ടയത്ത് ഇറക്കി വിട്ടു, ഡ്രൈവര്‍ക്കെതിരെ കേസ്

By Web TeamFirst Published May 15, 2020, 10:02 PM IST
Highlights

ബസ് കെപിസിസി ഏർപ്പാടാക്കിയതാണെന്നാണ് ഇരുവരും പൊലീസിന് മൊഴി നൽകിയത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുള്ളവരെയാണ് കോട്ടയത്ത് ഇറക്കിവിട്ടത്. 

കോട്ടയം: കര്‍ണ്ണാകടത്തില്‍ നിന്ന് കോണ്‍ഗ്രസ് ഏര്‍പ്പാടാക്കിയ വാഹനത്തിലെത്തിയവരെ കോട്ടയത്ത് ഇറക്കി വിട്ടു. കോട്ടയം ജില്ലയിലേക്കുള്ള പാസില്ലാത്ത രണ്ട് പേര്‍ക്കെതിരെയും ഇവരെ കൊണ്ടുവന്ന ഡ്രൈവര്‍ക്കെതിരേയും പൊലീസ് കേസെടുത്തു. ബംഗളൂരുവില്‍ നിന്ന് വന്ന തങ്ങളെ കോട്ടയത്ത് ഇറക്കിവിട്ടെന്ന പരാതിയുമായി ഇന്നലെ രാത്രി ഏഴ് മണിക്കാണ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രണ്ടുപേര്‍  എത്തുന്നത്. കെപിസിസി ഏര്‍പ്പാടാക്കിയ വാഹനത്തിലാണ് എത്തിയതെന്നും ഇവര്‍ പൊലീസിനെ അറിയിച്ചു.

പരിശോധനയില്‍ ഒരാള്‍ക്ക് പത്തനംതിട്ടയിലേക്കും മറ്റേയാള്‍ക്ക് ആലപ്പുഴയിലേക്കുമാണ് പാസെന്ന് ബോധ്യമായി. തുടര്‍ന്ന് പാസില്ലാതെ ജില്ലയില്‍ പ്രവേശിച്ചതിന് അടൂര്‍ സ്വദേശി വിനോദ് നെടുമുടി സ്വദേശി  ജീവൻ എന്നിവര്‍ക്കെതിരെ കേസെടുത്തു. ഉടൻ തന്നെ കോട്ടയം അതിരമ്പുഴയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് രണ്ട് പേരെയും മാറ്റി. ഇവരെ ഇറക്കി വിട്ടിട്ട് പോയ വാഹനത്തെ പിറവത്ത് വച്ച് പൊലീസ് പിടികൂടി.ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.25 ലധികം പേരുമായാണ് ബസ് എത്തിയതെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു.

യാത്രക്കാരെ വിവിധ സ്ഥലങ്ങളില്‍ ഇറക്കി.എല്ലാവര്‍ക്കും പാസുണ്ടോയെന്ന് അന്വേഷിക്കുകയാണ് പൊലീസ് അറിയിച്ചു.സംഭവം വിവാദമായതോടെ വിശദീകരണവുമായി കെപിസിസി രംഗത്തെത്തി. കര്‍ണ്ണാടകത്തില്‍ നിന്ന് കോണ്‍ഗ്രസ് ഏര്‍പ്പാടാക്കിയ ഒൻപത് ബസുകളില്‍ നാലെണ്ണെത്തിന് മാത്രമാണ് കേരളത്തിലേക്ക് കടക്കാൻ അനുമതി ലഭിച്ചത്. ബാക്കി അഞ്ച് ബസുകളിലെ യാത്രക്കാരെ അതിര്‍ത്തിയില്‍ ഇറക്കി. അവിടെ നിന്ന് പാസെടുത്ത് സ്വയം വാഹനം ഏര്‍പ്പാടാക്കിയാണ് യാത്രക്കാര്‍ കേരളത്തിലേക്ക് മടങ്ങിയതെന്ന് കെപിസിസി വ്യക്തമാക്കി. കോട്ടയത്തേക്കുള്ള പാസില്ലാതെ യാത്രക്കാര്‍ ജില്ലയില്‍ എത്തിയതില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നും കെപിസിസി വിശദീകരിക്കുന്നു.

click me!