കോവളത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച് വിദേശികളുടെ കടല്‍ക്കുളി; കേസെടുത്ത് പൊലീസ്

By Web TeamFirst Published Apr 14, 2020, 10:31 PM IST
Highlights

കോവളം തീരത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കടലില്‍ കുളിക്കാനിറങ്ങിയ 16 വിദേശികള്‍ക്കും ഹോട്ടല്‍ ജീവനക്കാര്‍ക്കുമെതിരെ കോവളം പൊലീസ് കേസെടുത്തു
 

തിരുവനന്തപുരം: കോവളം തീരത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കടലില്‍ കുളിക്കാനിറങ്ങിയ 16 വിദേശികള്‍ക്കും ഹോട്ടല്‍ ജീവനക്കാര്‍ക്കുമെതിരെ കോവളം പൊലീസ് കേസെടുത്തു. കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ ഇന്ന് രാവിലെ ഏഴ് മണിയിടെയാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വിദേശികള്‍ കൂട്ടമായി കടലില്‍ ഇറങ്ങിയത്. 

രാവിലെ ഡ്യൂട്ടിക്കായി എത്തിയ ലൈഫ് ഗാര്‍ഡുമാരാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവരെ കരയ്ക്ക് കയറ്റിയത്. റഷ്യ,
യുകെ, കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് രാവിലെ അധികൃതരുടെ കണ്ണു വെട്ടിച്ച് കടല്‍ കുളിക്ക് ഇറങ്ങിയത്. ഹോട്ടലില്‍ താമസിക്കുന്ന വിദേശികള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തത് പൊലീസിനെ യഥാസമയം അറിയിക്കാത്തതിനാണ് പകര്‍ച്ചവ്യാധി നിയമം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ്  വിദേശികള്‍ താമസിച്ചിരുന്ന അഞ്ച് ഹോട്ടലുകളിലെ ഉടമകള്‍ക്കും, ജീവനകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. 

ഹോട്ടലുകളുടെ ഒത്താശയോടെയാണ് വിദേശികളെ തീരത്തേക്ക് വിടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. രാവിലെ ലൈഫ് ഗാര്‍ഡുമാര്‍ ജോലിക്ക് എത്തുന്ന മുന്‍പായി കടല്‍ കുളി കഴിഞ്ഞു വിദേശികള്‍ മടങ്ങാറാണ് പതിവെന്നും ഇത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തീരത്ത് നടന്നു വരികയാണെന്നും കോവളം പൊലീസ് പറഞ്ഞു. 

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍  നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ കോവളത്തെ പല ഹോട്ടലുകളിലായി നൂറോളം വിദേശികളാണ് കഴിയുന്നത്. ഇവരെ പുറത്തുവിടരുതെന്ന് ഹോട്ടലുടമകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് കോവളം പൊലീസ് അറിയിച്ചു.

"

click me!