പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ദേശീയപാത വികസന പദ്ധതി ഉദ്ഘാടനം ചെയ്യാനിരിക്കെ, ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വെങ്ങളം - രാമനാട്ടുകര റീച്ചിൽ റോഡ് ഷോ നടത്തി.
കോഴിക്കോട്: കേരളത്തിലെ ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കാനിരിക്കെ പൊതുമരാമത്ത് വകുപ്പ് മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തി. വെങ്ങളം - രാമനാട്ടുകര റീച്ചിലാണ് മന്ത്രിയുടെ നേതൃത്വത്തിൽ റോഡ‍് ഷോ നടത്തിയത്. പ്രധാനമന്ത്രിയുടെ ചടങ്ങിലേക്ക് സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ക്ഷണിക്കാതിരുന്നത് വിവാദമായതിന് പിന്നാലെയാണ് സമാന്തര ഉദ്ഘാടനവും റോഡ് ഷോയും നടത്തിയുള്ള പ്രതിഷേധം. നേരത്തെ കാസർകോട് നുള്ളിപ്പാടിയിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ നേതൃത്വത്തിൽ സമാന്തര ഉദ്ഘാടനം നടത്തിയിരുന്നു. ദേശീയപാതയുടെ ഒന്നാം റീച്ച് എംഎൽഎ നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ പ്രധാനമന്ത്രി ലാൻഡ് ചെയ്യും മുൻപായിരുന്നു സമാന്തര ഉദ്ഘാടനം. മുഖ്യമന്ത്രിയും ക്ഷണം ലഭിച്ച രണ്ട് മന്ത്രിമാരും പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നില്ല. പരിപാടിയുടെ അറിയിപ്പ് കിട്ടിയത് ഇന്നലെയാണെന്നും മണ്ഡലത്തിൽ വേറെ പരിപാടികൾ ഉള്ളത് കൊണ്ട് പങ്കെടുക്കില്ലെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു. ചടങ്ങിൽ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് മന്ത്രി കൃഷ്ണൻ കുട്ടിയും പ്രതികരിച്ചു. ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയില്‍ നിന്നാണ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത്.
കേരളത്തെ അപമാനിച്ചെന്ന് മുഹമ്മദ് റിയാസ്
ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയ നടപടി സംസ്ഥാനത്തോടുള്ള അപമാനമാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത രീതിയിലാണ് കേന്ദ്ര സർക്കാർ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ കൂടി പണം മുടക്കി നടപ്പിലാക്കിയ പദ്ധതിയുടെ ക്രെഡിറ്റ് ഒറ്റയ്ക്ക് തട്ടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. പദ്ധതിയുടെ ഭാഗമായവർ ചടങ്ങിൽ പങ്കെടുക്കുക എന്നത് കേരളത്തിന്റെ അവകാശമാണ്. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ വലിയ തുക നൽകിയത് സംസ്ഥാന സർക്കാരാണ്. എന്നാൽ തന്നെ ചടങ്ങിൽ നിന്ന് മനഃപൂർവ്വം ഒഴിവാക്കി. ഒരു വികസന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ത് അടിസ്ഥാനത്തിലാണ് വേദിയിലിരിക്കുന്നത്? വികസന പദ്ധതിയെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയിരിക്കുകയാണ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പരിപാടിയിൽ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. ദേശീയപാത വികസനത്തിൽ കേരളത്തെ പലതവണ പ്രകീർത്തിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. എൽഡിഎഫ് സർക്കാർ ഇല്ലായിരുന്നെങ്കിൽ ഈ പദ്ധതി തന്നെ മുടങ്ങിപ്പോകുമായിരുന്നു. കേരളത്തിന്റെ നേട്ടമല്ല എന്ന് വരുത്തിത്തീർക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നതെന്ന് മന്ത്രി റിയാസ് വിമർശിച്ചു.


