യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം; നാല് വിദ്യാർത്ഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

By Web TeamFirst Published Oct 16, 2019, 7:44 PM IST
Highlights

പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥിയെ ആക്രമിച്ചതിനാണ് കേസ്. നാല് എസ്എഫ്ഐ വിദ്യാർത്ഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. 

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ പൊലീസ് കേസെടുത്തു. നാല് വിദ്യാർത്ഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. 

ബോട്ടണി രണ്ട്, മൂന്ന് വർഷ വിദ്യാർത്ഥികൾ തമ്മിലാണ് ഇന്നലെ സംഘർഷമുണ്ടായത്. രണ്ടാം വർഷ വിദ്യാർത്ഥി അഖിലിന് സംഘർഷത്തിൽ പരിക്കേറ്റു. പട്ടികജാതിക്കാരനായ അഖിലിന്റെ പരാതിയിലാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. മൂന്നാം വർഷ ബോട്ടണി വിദ്യാർത്ഥികളായ അനന്തു ഷാജി, നിതിൻ, ആര്യൻ, സിദ്ധാർത്ഥ് എന്നിവർക്കെതിരെയാണ് കേസ്. പരിക്കേറ്റ അഖിൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. തന്നെ ആക്രമിച്ചവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അഖിൽ എസ്എഫ്ഐ ജില്ലാ നേതൃത്വത്തെയും സമീപിച്ചിട്ടുണ്ട്. 

രണ്ടാം വർഷ വിദ്യാർത്ഥികൾ ക്ലാസിന് പുറത്ത് നിൽക്കുന്നത് സീനിയർ വിദ്യാർത്ഥികൾ ചോദ്യം ചെയ്തതാണ് തർക്കത്തിൽ കലാശിച്ചത്. എസ്എഫ്ഐക്കാരായ വിദ്യാർത്ഥികളാണ് ഇന്നലെ പരസ്പരം ഏറ്റുമുട്ടിയത്. എന്നാൽ, ബാച്ചുകൾ തമ്മിലുള്ള തർക്കം മാത്രമേയുള്ളൂ എന്നാണ് എസ്എഫ്ഐയുടെ വിശദീകരണം.

click me!