'കേരളം ഏറെ സൗഹാര്‍ദപരം'; പ്രാഞ്ജല്‍ പാട്ടീല്‍ മന്ത്രി ശൈലജ ടീച്ചറെ സന്ദര്‍ശിച്ചു

By Web TeamFirst Published Oct 16, 2019, 6:02 PM IST
Highlights

മറ്റുള്ളവര്‍ക്ക് ഇത് മാതൃകയാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച അവസരമാണ് കേരളം നല്‍കുന്നത്. സബ് കളക്ടര്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്താന്‍ കഴിയട്ടെയെന്ന് മന്ത്രി ആശംസിക്കുകയും ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം സബ് കളക്ടര്‍ പ്രാഞ്ജല്‍ പാട്ടീല്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറെ സന്ദര്‍ശിച്ചു. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ഒരു പെണ്‍കുട്ടി ഈ സ്ഥാനത്തെത്തിയതില്‍ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി എന്ന നിലയില്‍ അഭിമാനമുണ്ടെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

മറ്റുള്ളവര്‍ക്ക് ഇത് മാതൃകയാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച അവസരമാണ് കേരളം നല്‍കുന്നത്. സബ് കളക്ടര്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്താന്‍ കഴിയട്ടെയെന്ന് മന്ത്രി ആശംസിക്കുകയും ചെയ്തു. കഴിഞ്ഞ ആറേഴ് മാസമായി മലയാളം പഠിക്കാന്‍ ശ്രമിക്കുകയാണ് പ്രാഞ്ജല്‍ പാട്ടീല്‍ പറഞ്ഞു.

മറ്റ് പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ സൗഹാര്‍ദപരമാണെന്നും പ്രഞ്ജാല്‍ കൂട്ടിച്ചേര്‍ത്തു. കാഴ്ചാ പരിമിതിയുടെ വെല്ലുവിളിയെ അതിജീവിച്ച് സിവിൽ സർവീസിലെത്തിയ യുവതിയാണ് പ്രാഞ്ജല്‍ പാട്ടീല്‍. ഐഎഎസ് പദവിയിലെത്തിയ ആദ്യ കാഴ്ചയില്ലാത്ത വനിതയാണ് പ്രാഞ്ജൽ പാട്ടീൽ.

മഹാരാഷ്ട്ര ഉല്ലാസ് നഗര്‍ സ്വദേശിയായ പ്രാഞ്ജൽ 2017ലാണ് സർവ്വീസിലെത്തുന്നത്. കുറച്ചുകാലം കൊച്ചി അസിസ്റ്റന്‍റ്  കളക്ടറായി ജോലി ചെയ്തിരുന്ന പ്രാഞ്ജൽ കേരളത്തിലേക്കുളള തിരിച്ചുവരവിന്‍റെ സന്തോഷത്തിലാണ്.

ആറാം വയസിൽ കാഴ്ച ശക്തി നഷ്ടമായ പ്രാഞ്ജൽ ജെഎന്‍യുവില്‍ നിന്ന് ഇന്‍റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിവിൽ സർവ്വീസിനായി പരിശീലനം തുടങ്ങിയത്. ആദ്യ ശ്രമത്തില്‍ തപാല്‍ ടെലികമ്മ്യൂണിക്കേഷന്‍ സര്‍വീസില്‍ നിയമനം ലഭിച്ചെങ്കിലും പരിശ്രമം തുടരുകയായിരുന്നു. തുടർന്ന് 124-ാം റാങ്കോടെയാണ് ഐഎഎസ് സ്വന്തമാക്കിയത്.

click me!