
പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി ഭൂമി കൈയ്യേറി കുടിലുകൾ കത്തിച്ചു എന്ന കേസിൽ പ്രതികൾക്ക് ജാമ്യം. കേസിൽ എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മണ്ണാർകാട് എസ് സി /എസ് ടി പ്രത്യേക കോടതിയാണ് ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ചത്.
എച്ച് ആർ ഡി എസ് പ്രസിഡന്റ് സ്വാമി ആത്മ നമ്പി, വൈസ് പ്രസിഡന്റ് കെ ജി വേണുഗോപാൽ, ജോയി മാത്യു എന്നിവരുടെ ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം പതിനാലാം തീയതി അവസാനിക്കുന്നതിനാലാണ് മണ്ണാർകാട് പ്രത്യേക കോടതിയിൽ ജാമ്യം തേടിയത്.
മൂന്ന് പേർക്കും സ്പെഷ്യൽ കോർട്ട് ജഡ്ജി കെ എം രതീഷ്കുമാർ വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. ഒന്നിടവിട്ട ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പിൽ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കരുത്. വിദേശ യാത്രക്ക് കോടതിയുടെ അനുമതി വേണം. അഡ്വ അബ്ദുൾ നാസർ കൊമ്പത്ത് പ്രതിഭാഗ അഭിഭാഷകനായി ഹാജരായി.
Read More : 'വിദേശ ഫണ്ടിന് സഹായം വേണം, ഉന്നത പദവി നല്‍കി'; സ്വപ്ന എച്ച്ആര്‍ഡിഎസിന്‍റെ ഭാഗമെന്ന് അജി കൃഷ്ണൻ
ബിജു കൃഷ്ണൻ, അജിത് കുമാർ എന്നിവരാണ് ജാമ്യക്കാർ. സന്യാസിയായ ആത്മ നമ്പി ആദ്യമായാണ് കോടതി നടപടി നേരിടുന്നത്. കെ.ജി. വേണുഗോപാൽ അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഭവിച്ചിരുന്നു. ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ച വ്യാജ കേസ്സാണിത് എന്ന് എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞു.
ഷോളയൂര്‍ പൊലിസാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്വര്‍ണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയത് എച്ച് ആർ ഡി എസ് ആയിരുന്നു. സ്വപ്ന സുരേഷിന് ജോലി നൽകിയതിന്റെ പേരിൽ സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് അജി കൃഷ്ണൻ നേരത്തേ ആരോപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam