Asianet News MalayalamAsianet News Malayalam

'വിദേശ ഫണ്ടിന് സഹായം വേണം, ഉന്നത പദവി നല്‍കി'; സ്വപ്ന എച്ച്ആര്‍ഡിഎസിന്‍റെ ഭാഗമെന്ന് അജി കൃഷ്ണൻ

സ്വപ്ന സുരേഷിനെ എച്ച്ആര്‍ഡിഎസില്‍ നിന്ന് പുറത്താക്കാൻ വലിയ സമ്മർദ്ദമാണ് ഉണ്ടായത്. ചില സിപിഎം നേതാക്കൾ പോലും ഇതിനായി തന്നെ വിളിച്ചിരുന്നു. എന്തിനാണ് സ്വപ്നയെ ജോലിക്ക് നിർത്തുന്നത് എന്നാണ് അവര്‍ ചോദിച്ചത്.

swapna suresh still part of hrds says founder secretary aji krishnan
Author
Palakkad, First Published Jul 18, 2022, 12:53 PM IST

പാലക്കാട്: സ്വര്‍ണക്കടത്ത് കേസ് (Gold Smuggling Case) പ്രതിയായ സ്വപ്ന സുരേഷ് ഇപ്പോഴും എച്ച്ആര്‍ഡിഎസിന്‍റെ (HRDS) ഭാഗമാണെന്ന് സംഘടനയുടെ സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ (Aji Krishnan). അവരെ പേ റോളില്‍ നിന്ന് മാത്രമാണ് നീക്കിയത്. സംഘടനയ്ക്ക് വിദേശഫണ്ട് ലഭിക്കാൻ സ്വപ്ന സുരേഷിന്‍റെ സഹായം അത്യാവശ്യമാണ്. അതിനാൽ അവര്‍ക്ക് സംഘടനയിൽ ഉന്നത പദവി നൽകി ഒപ്പം നിര്‍ത്തിയിരിക്കുകയാണെന്നും അജി കൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സ്വപ്ന സുരേഷിനെ എച്ച്ആര്‍ഡിഎസില്‍ നിന്ന് പുറത്താക്കാൻ വലിയ സമ്മർദ്ദമാണ് ഉണ്ടായത്. ചില സിപിഎം നേതാക്കൾ പോലും ഇതിനായി തന്നെ വിളിച്ചിരുന്നു. എന്തിനാണ് സ്വപ്നയെ ജോലിക്ക് നിർത്തുന്നത് എന്നാണ് അവര്‍ ചോദിച്ചത്. ചോദ്യം ചെയ്യല്ലിൽ പൊലീസും നിരന്തരം ഇക്കാര്യം ചോദിച്ചു. സ്വർണക്കടത്ത് കേസിൽ സ്വപ്നയ്ക്ക് തെറ്റുപറ്റിയതാണ്. അക്കാര്യം അവർ ഏറ്റുപറഞ്ഞതുമാണെന്നും അജികൃഷ്ണൻ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന് സ്വര്‍ണക്കടത്തിൽ പങ്കുണ്ടെന്നും ഒരു കമ്മ്യൂണിസ്റ്റുകാരന് വേണ്ട യാതൊരു ഗുണവും മുഖ്യമന്ത്രിക്കില്ലെന്നും അജി കൃഷ്ണൻ പറഞ്ഞു. എച്ച്ആര്‍ഡിഎസിനെ സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുകയാണ്. കൂടുതൽ അന്വേഷണ ഏജൻസികൾ ഇപ്പോൾ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നുണ്ടെന്നും അജി കൃഷ്ണന്‍ വ്യക്തമാക്കി. അതേ സമയം ആദിവാസി ഭൂമി തട്ടിപ്പ് കേസില്‍ എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ബുധനാഴ്ച ജാമ്യം ലഭിച്ചിരുന്നു.

സ്വപ്നയെ ഒപ്പം നിര്‍ത്തിയതിൻ്റെ പേരിൽ സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് അജി കൃഷ്ണൻ

കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപ കെട്ടിവെക്കുകയും രണ്ടുപേര്‍ ആൾജ്യാമം എന്നീ നിബന്ധനകളോടെയാണ് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഒപ്പിടാന്‍ പോകുന്നത് ഒഴിച്ചാല്‍ രണ്ടുമാസത്തേക്ക് അട്ടപ്പാടി താലൂക്കിൽ പ്രവേശിക്കരുത്. പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും ഉപാധിയുണ്ട്. ആദിവാസികളെ കയ്യേറ്റം ചെയ്യുകയും  ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിലാണ് അജി കൃഷ്ണനെതിരെ കേസെടുത്തത്.  ഷോളയാർ വട്ടലക്കി എന്ന സ്ഥലത്ത് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട രാമൻ എന്നയാളുടെ ഭൂമി കയ്യേറിയതിനാണ് കേസ്.

സ്ഥലത്ത് മാരകായുധങ്ങളുമായി എത്തി രാമനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തി, കുടിലിനു തീ വച്ചു അവരെ ഒഴിപ്പിച്ചു സ്ഥലം കയ്യേറി എന്നാണ് കേസ്.  ഒരു വർഷം മുമ്പ് നൽകിയ പരാതിയിൽ നേരത്തെ കേസെടുത്തിരുന്നെങ്കിലും ഇപ്പോഴാണ് അറസ്റ്റ്. വിദേശത്തായിരുന്ന അജി കൃഷ്ണൻ അട്ടപ്പാടിയില്‍ തിരിച്ചെത്തിയതിനു തൊട്ടു പിറകെയാണ് അറസ്റ്റ് ചെയ്തത്. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതിനെ തുടര്‍ന്ന് സന്നദ്ധ സംഘനയായ എച്ച്ആർഡിഎസിന്‍റെ രാഷട്രീയമടക്കം ഏറെ ചര്‍ച്ചയായിരുന്നു.

കേരളം, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാർഖണ്ഡ് ഉൾപ്പടെയുള്ള ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഹൈറേഞ്ച് റൂറൽ ഡവലപ്മെന്‍റ് സൊസൈറ്റി എന്ന എച്ച്ആർഡിഎസ്സ്. 1995-ൽ രൂപീകൃതമായതാണ് സംഘടന. സംഘടന ആദിവാസികളുടെ പട്ടയഭൂമി കയ്യേറിയത് അന്വേഷിക്കാന്‍ എസ്‍സി എസ്‍ടി കമ്മീഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. 
 

Follow Us:
Download App:
  • android
  • ios