കൊല്ലപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരിക്കെതിരെ കലാപാഹ്വാനത്തിന് കേസ് ,പ്രതികാരമെന്ന് ബിജെപി

Published : Oct 07, 2022, 04:36 PM IST
കൊല്ലപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരിക്കെതിരെ കലാപാഹ്വാനത്തിന് കേസ് ,പ്രതികാരമെന്ന് ബിജെപി

Synopsis

കോടിയേരിയുടെ മരണം സംബന്ധിച്ച വാർത്തയ്ക്ക് താഴെ വിദ്വേഷ കമൻ്റ് ഇട്ടതിനാണ് കേസ്.ഹൈസ്കൂൾ അധ്യാപികയായ ഗിരിജ കെവിക്ക് എതിരെയാണ് കൂത്തുപറമ്പ് പോലീസിന്‍റെ കേസ്..ഗിരിജയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തൊക്കിലങ്ങാടി സ്കൂളിലേക്ക് എസ് എഫ് ഐ മാർച്ച്  

കണ്ണൂര്‍:കൊല്ലപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരി ഗിരിജക്കെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തതില്‍ വിവാദം മുറുകുന്നു.കോടിയേരിയുടെ മരണം സംബന്ധിച്ച വാർത്തയ്ക്ക് താഴെ വിദ്വേഷ കമൻ്റ് ഇട്ടതിനാണ് കേസ്. കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്.പൊലീസിൻ്റേത് പ്രതികാര നടപടി ആണെന്ന് ബിജെപി ആരോപിച്ചു.ഗിരിജയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തൊക്കിലങ്ങാടി സ്കൂളിലേക്ക് എസ് എഫ് ഐ മാർച്ച് നടത്തി,.അതേ സമയം കെടി ജയകൃഷ്ണൻ മാസ്റ്ററെ കൊന്നിട്ടും കലി തീരാതെ ആ കുടുംബത്തെയും വേട്ടയാടുന്ന നടപടി ഫാസിസമാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി.ഇത് ഭീരുത്വമാണ് , വേട്ടയാടൽ തുടർന്നാൽ കോടിയേരി ബാലകൃഷ്ണൻ എന്ന നേതാവും വിമർശിക്കപ്പെടുമെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി, ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

 സ്വർഗീയ കെ ടി ജയകൃഷ്ണൻ മാസ്റ്റർ . പഠിപ്പിക്കുന്ന ക്ലാസ്സിൽ കൊച്ചുകുട്ടികളുടെ മുൻപിൽ വച്ച് വെട്ടി നുറുക്കപ്പെട്ട യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ . ലക്ഷക്കണക്കിന് വരുന്ന സംഘപരിവാർ പ്രവർത്തകർ കനലായി നെഞ്ചിൽ ഇന്നും കൊണ്ട് നടക്കുന്ന നാമം .ഇപ്പോഴെന്തിനാണ് ഇത് പറയുന്നത് എന്ന് തോന്നുന്നുണ്ടോ ? കോടിയേരി ബാലകൃഷ്ണനെ അവഹേളിച്ചു എന്ന പേരിൽ പിണറായി സർക്കാർ കേസ് എടുത്ത് വേട്ടയാടുന്നത് ഞങ്ങളുടെ നെഞ്ചിലെ കനലായ ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരി ഗിരിജയെ ആണെന്നുള്ളത് കൊണ്ടാണ് .

കൂത്തുപറമ്പ് ഹൈസ്‌കൂൾ അദ്ധ്യാപികയായ ശ്രീമതി ഗിരിജ രണ്ട് മാസമായി ഒരു ആക്സിഡന്റിനെ തുടർന്ന് ഇരു കയ്യും ഒടിഞ്ഞ് കിടക്കുകയാണ് . ഫോൺ എടുക്കുന്നതും ഭക്ഷണം വാരി കൊടുക്കുന്നതും എല്ലാം ഭർത്താവായ അജയ് കുമാറാണ് . നാട് കണ്ട ഏറ്റവും മൃഗീയമായ കൊലപാതകത്തിന് ജയകൃഷ്ണൻ മാസ്റ്റർ ഇരയാവുമ്പോൾ കണ്ണൂർ സിപിഎമ്മിൽ കോടിയേരി അറിയാതെ ഇലയനങ്ങാത്ത കാലമായിരുന്നു എന്ന് എല്ലാവർക്കുമറിയാം . അജയ്കുമാർ ഭാര്യ ഗിരിജയുടെ മൊബൈലിൽ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട നിരുപദ്രവമായ ഒരു കമന്റ് ഉയർത്തിയാണ് ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരിയെ വേട്ടയാടുന്നത് .അന്തരിച്ച നേതാവ് എന്ന നിലക്ക് ഉടനടി സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയനാക്കുന്നത് ധാർമ്മികമല്ല എന്ന ബോധ്യമാണ് കോടിയേരിയെ വിമർശിക്കുന്നതിൽ നിന്ന് ഞങ്ങളെ വിലക്കുന്ന ഏക ഘടകം . അല്ലാതെ പിണറായി വിജയന്റെ ഫാസിസ്റ്റ് ഭരണ നടപടികളോടുള്ള ഭയമല്ല . എന്നാലും ചുരുങ്ങിയ വാക്കുകളിൽ ചിലത് പറയാതെ വയ്യ . ജീവിച്ചിരുന്ന കോടിയേരിക്ക് സ്വന്തം മക്കളുണ്ടാക്കിയ മാനക്കേടിന്റെ അത്രയൊന്നും മരണ ശേഷം ചിലർ നടത്തിയ കമന്റുകൾ ഉണ്ടാക്കിയിട്ടില്ല .

കെടി ജയകൃഷ്ണൻ മാസ്റ്ററെ കൊന്നിട്ടും കലി തീരാതെ ആ കുടുംബത്തെയും വേട്ടയാടുന്ന നടപടി ഫാസിസമാണ്, ഭീരുത്വമാണ് പിണറായീ . വേട്ടയാടൽ തുടർന്നാൽ കോടിയേരി ബാലകൃഷ്ണൻ എന്ന നേതാവും വിമർശിക്കപ്പെടും , തുറന്ന് കാണിക്കപ്പെടും . മനസ്സിലിരിക്കട്ടെ ...

 

 

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും