'സിപിഎം എംഎല്‍എയെ അപായപ്പെടുത്തും, ഏരിയ കമ്മറ്റി ഓഫീസ് ആക്രമിക്കും'; ഭീഷണി, ബിജെപി പ്രവര്‍ത്തകന്‍ ഒളിവില്‍

By Web TeamFirst Published Oct 7, 2022, 4:20 PM IST
Highlights

 മുഖ്യമന്ത്രിയെ വധിക്കുമെന്നും സി പി എം സംസ്ഥാന സമിതിയംഗം പി. ജയരാജന്‍റെ കൈ വെട്ടുമെന്നും ഭീഷണിപ്പെടുത്തിയതിന് നേരത്തെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

കണ്ണൂര്‍: സി പി എം കണ്ണൂർ ജില്ലാ കമ്മറ്റിയംഗവും എം എൽ എ യുമായ ടി ഐ മധുസൂദനനും പയ്യന്നൂർ ഏരിയ കമ്മറ്റി ഓഫീസിനും നേരെ ഭീഷണി. ബുധനാഴ്ച രാത്രി എം എൽ എ യുടെ മൊബൈൽ ഫോണിലേക്കും ഏരിയാ കമ്മറ്റി ഓഫീസിലെ ലാന്‍ഡ് ലൈനിലേക്കും വിളിച്ചായിരുന്നു ഭീഷണി. എം എൽ എ യെ അപായപ്പെടുത്തുമെന്നും ഏരിയാ കമ്മറ്റി ഓഫീസ് ആക്രമിക്കുമെന്നുമാണ് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ ബിജെപി പ്രവർത്തകനായ ചെറുതാഴം സ്വദേശി വിജേഷ് എന്നയാൾക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു.

ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.  മുഖ്യമന്ത്രിയെ വധിക്കുമെന്നും സി പി എം സംസ്ഥാന സമിതിയംഗം പി. ജയരാജന്‍റെ കൈ വെട്ടുമെന്നും ഭീഷണിപ്പെടുത്തിയതിന് നേരത്തെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ആരോപണ വിധേയനായ വിജേഷിന് ഇപ്പോൾ പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് ബിജെപി അറിയിച്ചു. അതേസമയം, പത്തനംതിട്ട പെരുനാട്ടിൽ സിപിഎം പ്രവർത്തകൻ ബാബു  ആത്മഹത്യ ചെയ്ത സംഭവത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.

സംഭവം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും ആത്മഹത്യക്കുറിപ്പിൽ പേരുള്ള സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. പൊലീസിന്റെ വീഴ്ച ആരോപിച്ച് ഭാര്യ കുസുമകുമാരി ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. സിപിഎം ജില്ലാ കമ്മിറ്റി അംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി എസ് മോഹനൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി റോബിൻ കെ തോമസ്, പഞ്ചായത്ത് അംഗം എംഎസ് ശ്യാം എന്നിവർ മാനസികമായി പീഡിപ്പിച്ചതുകൊണ്ടാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നായിരുന്നു ബാബുവിന്റെ ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നത്.  

സംഭവം നടന്ന ദിവസം തന്നെ ആരോപണ വിധേയരായവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഭാര്യ  കുസുമകുമാരി പെരുനാട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ അസ്വാഭാവിക മരണത്തിന് ഇന്ത്യൻ ശിക്ഷ നിയമം 174  പ്രകാരം കേസെടുത്ത പൊലീസ് ആത്മഹത്യ കുറിപ്പോ ഭാര്യുടെ പരാതിയോ ഇതു വരെ എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല. കുസുമ കുമാരിയുടെ മൊഴി എടുത്തതിനപ്പുറം മറ്റ് നടപടികളുമുണ്ടായിട്ടില്ല.

റാന്നിയില്‍ സിപിഎം വനിതാ നേതാവിനെ ബിജെപി നേതാവ് മര്‍ദ്ദിച്ചെന്ന് പരാതി

click me!