
ഇടുക്കി: തൊടുപുഴയിൽ ക്രൂരമർദ്ദനത്തിനിരയായ ഏഴ് വയസുകാരന്‍റെ അമ്മയ്ക്ക് എതിരെയും കേസെടുത്തേക്കും. മർദ്ദന വിവരം യഥാസമയം അധികൃതരെ അറിയിക്കാതിരുന്നതിനാണ് നടപടി. ഇളയകുട്ടിയുടെ സംരക്ഷണം തുടർന്നും അമ്മയെ ഏൽപ്പിക്കുന്നതിൽ ശിശുസംരക്ഷണ സമിതി പ്രവർത്തകർക്ക് ആശങ്കയുണ്ട്.
ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് അരുൺ ആനന്ദ് നിരന്തരം മർദ്ദിച്ചിരുന്നതായാണ് ഇളയസഹോദരൻ നൽകിയിരിക്കുന്ന മൊഴി. മൂന്നര വയസ്സുള്ള ഇളയകുട്ടിയുടെ ദേഹത്തും മുറിവുകൾ കരിഞ്ഞതിന്‍റെ പാടുകളുണ്ട്. കുട്ടികൾ ഇത്രയേറെ മർദ്ദനമേറ്റിട്ടും പൊലീസിനെയോ ചൈൽഡ്‍ ലൈനേയോ അറിയിക്കാതിരുന്നതിനാലാണ് അമ്മയ്ക്ക് എതിരെ കേസെടുക്കാനുള്ള സാധ്യത തെളിയുന്നത്. ആറ് വർഷം മുമ്പ് കുമളിയിൽ അഞ്ച് വയസുകാരനെ രണ്ടാനമ്മ ക്രൂരമായി പീഡിപ്പിച്ചപ്പോൾ ഇതറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതിരുന്ന പിതാവിനെതിരെ കേസെടുത്തിരുന്നു.
മർദ്ദനം നടന്ന ബുധനാഴ്ച അർദ്ധരാത്രിയ്ക്ക് ശേഷമാണ് അമ്മയും സുഹൃത്ത് അരുണും വീട്ടിലെത്തുന്നത്. കുട്ടികളെ തനിച്ചാക്കി രാത്രി തൊടുപുഴയിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ പോയെന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി. എന്നാൽ, പൊലീസ് ഇത് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. കടുത്ത മദ്യലഹരിയിൽ തിരിച്ചെത്തിയ അരുണും സുഹൃത്തും രാത്രി എവിടെയായിരുന്നു എന്നതിനെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ക്രൂരമർദ്ദനം പുറത്തറിയിക്കാത്തതിനൊപ്പം കുട്ടികളെ ഉത്തരവാദിത്തമില്ലാതെ തനിച്ചാക്കി പോകുന്ന ശീലമുള്ള അമ്മയെ ഇളയകുട്ടിയുടെ സംരക്ഷണം ഏൽപ്പിക്കുന്നതിലെ ആശങ്കയും ശിശുസംരക്ഷണ സമിതി പ്രവർത്തകർ പങ്കുവയ്ക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam