വിലക്ക് ലംഘിച്ച് കുര്‍ബാന; കൊച്ചിയില്‍ വൈദികനും ആറ് വിശ്വാസികളും അറസ്റ്റില്‍

By Web TeamFirst Published Apr 16, 2020, 12:11 AM IST
Highlights
ലോക്ഡൗണ്‍ സമയത്ത് വൈദികനും സഹായിയും ചേര്‍ന്ന് കുര്‍ബാന ചൊല്ലാൻ അനുമതിയുണ്ട്. എന്നാല്‍ വിശ്വാസികളെ പങ്കെടുപ്പിക്കരുതെന്നാണ് നിയമം
കൊച്ചി: കൊച്ചിയില്‍ ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികനും ആറ് വിശ്വാസികളും അറസ്റ്റിലായി. വെല്ലിംഗ്‍ടണ്‍ ഐലൻഡിലെ സ്റ്റെല്ലാ മേരിസ് ഇടവക വികാരി ഫാ. അഗസ്റ്റിൻ പാലായില്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

രാവിലെ ഏഴ് മണിയോടെയാണ് വെല്ലിംഗ്ടണ്‍ ഐലൻഡിലെ സ്റ്റെല്ലാ മേരീസ് പള്ളിയില്‍ കുര്‍ബാന തുടങ്ങിയത്. വൈദിക സഹായിക്ക് പുറമെ ഇടവകാംഗങ്ങളായ അഞ്ച് പേര്‍ കൂടി പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തി. ഇതറി‌ഞ്ഞ പൊലീസെത്തി വൈദികൻ ഉള്‍പ്പെടെ മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 
 
ലോക്ഡൗണ്‍ സമയത്ത് വൈദികനും സഹായിയും ചേര്‍ന്ന് കുര്‍ബാന ചൊല്ലാൻ അനുമതിയുണ്ട്. എന്നാല്‍ വിശ്വാസികളെ പങ്കെടുപ്പിക്കരുതെന്നാണ് നിയമം. ഇത് ലംഘിച്ചതിനാണ് ഫാ. അഗസ്റ്റിൻ പാലായിലിനെയും ആറ് പേരെയും അറസ്റ്റ് ചെയ്തത്. 

തന്‍റെ അറിവോടെയല്ല വിശ്വാസികള്‍ പള്ളിയില്‍ എത്തിയതെന്നാണ് ഫാ. അഗസ്റ്റിൻ പാലായിലിന്‍റെ വിശദീകരണം.  പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ നിയമപ്രകാരമാണ് ഏഴ് പേര്‍ക്കെതിരെയും കേസെടുത്തത്. ഇവരെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.
click me!