
കൊച്ചി: യേശുവിനെയും ക്രിസ്തു മതത്തെയും അവഹേളിച്ച് സംസാരിച്ച മതപ്രഭാഷകനെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി വസീം അൽ ഹിക്കാമിക്ക് എതിരെയാണ് നടപടി. ബിജെപി നേതാവ് അനൂപ് ആന്‍റണിയുടെ ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
മതപ്രഭാഷകനായ വസീം അൽ ഹിക്കാമിയുടെ യൂട്യൂബ് വീഡിയോയാണ് കേസിന് ആധാരം. ക്രൈസ്തവർ പുണ്യദിനമായി കാണുന്ന ക്രിസ്‍മസിനേയും യേശുവിന്‍റെ ജന്മത്തെയും അവഹേളിച്ച് സംസാരിച്ചു എന്നായിരുന്നു ആരോപണം. മതപ്രഭാഷകനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് അനൂപ് ആന്‍റണി സംസ്ഥാന ഡിജിപിക്കും സൈബർ ക്രൈം വിഭാഗത്തിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. യൂട്യൂബ് ദൃശ്യങ്ങൾ പരിശോധിച്ച കോടതി പരാതി പരിശോധിക്കാനും നടപടിയെടുക്കാനും പൊലീസിനോട് ആവശ്യപ്പെട്ടു. തുടർന്നാണ് കൊച്ചി സൈബർ പൊലീസ് വസീം അൽ ഹിക്കാമിയെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. മതവിദ്വേഷം സൃഷ്ടിക്കുക, മതവികാരം വ്രണപ്പെടുത്തുന്നതിന് ബോധപൂർവം പ്രവർത്തിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സമാന സ്വഭാവമുളള മറ്റൊരു പരാതിയിൽ വസീം അൽ ഹിക്കാമിക്കെതിരെ കോട്ടയം സൈബർ പൊലീസും കഴിഞ്ഞ മാസം കേസെടുത്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam