
കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പുകഴ്ത്തി സംസാരിച്ചതിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു എന്ന് ആക്ഷേപമുന്നയിച്ച സതിയമ്മയ്ക്കെതിരെ കേസ്. വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പുതുപ്പള്ളിയിൽ മൃഗസംരക്ഷണ വകുപ്പ് സെൻ്ററിൽ വ്യാജരേഖയുണ്ടാക്കി ജോലി ചെയ്തതായി എഫ്ഐആറിൽ പറയുന്നു.
ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാ മോൾ, പ്രസിഡൻറ് ജാനമ്മ, വെറ്റനറി സെൻ്റർ ഫീൽഡ് ഓഫീസർ ബിനു എന്നിവരെയും പ്രതികളായി ചേർത്തിട്ടുണ്ട്. ബിനുവിനെതിരെ വകുപ്പ് തലനടപടിക്കും സാധ്യതയുണ്ട്. രേഖകൾ പ്രകാരം ജോലി ചെയ്യേണ്ടിരുന്ന ലിജിമോൾ നൽകിയ പരാതിയിലാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്. സതിയമ്മ ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി മാധ്യമങ്ങളോട് സംസാരിച്ചതിനാൽ പുറത്താക്കിയെന്നായിരുന്നു യുഡിഎഫ് ആരോപണം.
കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പറായിരുന്നു 52 കാരിയായ പിഒ സതിയമ്മ. ഉമ്മൻചാണ്ടിയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെയാണ് ഇവരെ പിരിച്ചുവിട്ടതെന്നായിരുന്നു യുഡിഎഫ് ആരോപണം. ഉമ്മൻചാണ്ടിയെപ്പറ്റി ചാനലിൽ നല്ലതു പറഞ്ഞതിന് പിന്നാലെ മൃഗ സംരക്ഷണ ജില്ലാ ഡെപ്യുട്ടി ഡയറക്ടർ തന്നെ പിരിച്ചുവിട്ടതായി സതിയമ്മ തന്നെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. യുഡിഎഫ് നേതാക്കൾ ഇത് ഏറ്റെടുക്കുകയും പരസ്യ പ്രതിഷേധങ്ങളുമായി രംഗത്ത് വരികയും ചെയ്തു.
എന്നാൽ സതിയമ്മയല്ല, മറിച്ച് ലിജിമോൾ ആണ് മൃഗാശുപത്രിയിലെ ജോലിക്കാരിയെന്നും സതിയമ്മ അനധികൃതമായി ജോലി ചെയ്തെന്ന് കണ്ടെത്തിയതിനാൽ ലിജിമോളോട് ജോലിക്ക് വരാൻ ആവശ്യപ്പെട്ടുവെന്നും മന്ത്രി ചിഞ്ചുറാണി തന്നെ രംഗത്ത് വന്നു വിശദീകരിച്ചു. എന്നാൽ താനും ലിജിമോളും ഒരേ കുടുംബശ്രീയിലെ അംഗങ്ങളാണെന്നും ആറു മാസം വീതം ഊഴംവെച്ചാണ് സ്വീപ്പർ ജോലി ചെയ്തിരുന്നതെന്നും സതിയമ്മ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ ഉള്ള ലിജിമോൾ തന്റെ വീട്ടിലെ അവസ്ഥ കൂടി മനസിലാക്കി ജോലിയിൽ തുടരാൻ അനുവദിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു.
ഈ വാദം തള്ളിയാണ് ലിജിമോൾ രംഗത്ത് വന്നത്. തന്റെ പേരിൽ വ്യാജരേഖയുണ്ടാക്കി സതിയമ്മ ജോലി നേടിയെന്നും തന്റെ അക്കൗണ്ടിൽ പണം വന്നിട്ടില്ലെന്നും തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും അവർ പറഞ്ഞു. തന്റെ പേരിൽ മറ്റൊരാൾ ജോലി ചെയ്തിരുന്നത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അവർ വ്യക്തമാക്കിയിരുന്നു.
പിരിച്ചുവിടൽ വിവാദം: സതിയമ്മ വ്യാജരേഖ ചമച്ചു, ഒപ്പ് തന്റേതല്ല; പൊലീസിൽ പരാതി നൽകി ലിജിമോൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam