ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സിപിഎമ്മുകാർ അടക്കം പത്ത് പേർക്കെതിരെ കേസ്, രജീഷിന്‍റെ നില ഗുരുതരം

By Web TeamFirst Published Sep 19, 2019, 4:16 PM IST
Highlights

സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു.

കോഴിക്കോട്: കോഴിക്കോട് എലത്തൂരിൽ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവർ ​ഗുരുതരാവസ്ഥയിൽ. ബിജെപി പ്രവര്‍ത്തകനായ രജീഷാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയില്‍  കഴിയുന്നത്. സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു.

ഞായറാഴ്ച വൈകിട്ടാണ് എലത്തൂരില്‍ വച്ച് രജീഷിനെ സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം ആക്രമിച്ചത്. പരിക്കേറ്റ രജീഷ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രജീഷിനെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
 
രജീഷ് എലത്തൂരിൽ ഓട്ടോറിക്ഷ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികൾ വിലക്കിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. സിപിഎം പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത് അംഗവുമായ ഒ കെ ശ്രീലേഷ് നേതൃത്വത്തിലുളള സംഘമാണ് ആക്രമിച്ചതെന്നും ഇവരില്‍ നിന്ന് നാളുകളായി ഭീഷണിയുണ്ടായിരുന്നെന്നും രജീഷിന്‍റെ ഭാര്യ രജീഷ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. 

ഭീഷണിപ്പെടുത്തൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് ശ്രീലേഷ് അടക്കമുളളവര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളി നടത്തുന്നതായി ബിജെപി ആരോപിച്ചിരുന്നു. 45 ശതമാനത്തിലേറെ പൊളളലേറ്റ രജീഷിന്‍റെ ശരീരത്തില്‍ മര്‍ദ്ദനത്തിലേറ്റ പരിക്കുകളുമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

click me!