
കൊല്ലം: ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘർഷമുണ്ടായത്. എബിവിപിയുടേയും എൻഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് എസ്എഫ്ഐ പ്രവർത്തകരായ ഏഴു പേർക്കെതിരെ കേസെടുത്തത്. ആയുധം കൊണ്ടുള്ള ആക്രമണം, മർദ്ദനം, മുറിവേൽപ്പിക്കൽ, അന്യായമായി സംഘം ചേരൽ, തടഞ്ഞു നിർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം. എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ തടഞ്ഞത് എസ്എഫ്ഐ- എബിവിപി സംഘർഷത്തിനിടയാക്കുകയായിരുന്നു. കായിക മേളയിലെ വിജയികൾക്കും വിരമിക്കുന്ന പ്രധാന അധ്യാപകനും ക്യാമ്പസിനകത്ത് എബിവിപി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ എൻഡിഎ സ്ഥാനാർത്ഥി പങ്കെടുക്കുന്നതിനെതിരെയായിരുന്നു എസ്എഫ്ഐ പ്രതിഷേധം. സ്റ്റേജിൽ കയറാൻ കൃഷ്ണകുമാറിനെ അനുവദിക്കാതെ കൈ കോർത്ത് തടഞ്ഞ് പ്രതിഷേധിച്ച് എസ്എഫ്ഐ രംഗത്തെത്തിയതോടെ വാക്കേറ്റവും കയ്യാങ്കളിയുമായി. പിന്നീട് സ്റ്റേജിനകത്തും ക്ലാസ് വരാന്തയിലും വരെയെത്തി കൂട്ടത്തല്ല്. ഒടുവിൽ അധ്യാപകരെത്തിയാണ് വിദ്യാർത്ഥി സംഘർഷം അവസാനിപ്പിച്ചത്. പ്രിൻസിപ്പാളിന് അനുമോദനവും വോട്ടഭ്യർത്ഥനയും നടത്തി സ്ഥാനാർത്ഥി മടങ്ങുകയും ചെയ്തു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam