
പാലക്കാട്: മണ്ണാർക്കാട് നഗരസഭയുടെ നികുതി കുടിശിക നോട്ടിസ് കണ്ട് ഞെട്ടിയിരിക്കുകയാണ് വടക്കുമണ്ണം വാർഡിലെ നാരായണ സ്വാമി. അറുപത് വർഷം പഴക്കമുള്ള വീടിന് രണ്ടേകാൽ ലക്ഷവും ഇടിഞ്ഞു വീഴാറായ കടമുറികൾക്ക് അഞ്ചര ലക്ഷവും അടയ്ക്കാനാണ് നോട്ടിസ്. നാരാണ സ്വാമിയുടെ മുത്തച്ഛന്‍റെ കാലം മുതലുള്ളതാണ് കെട്ടിടം. താമസിക്കുന്ന വീടിനു പുറമേ സമീപത്തായി ഇടിഞ്ഞു വീഴാറായ കെട്ടിടവും മുൻവശത്ത് മൂന്ന് ഷട്ടർ മുറികളുമാണുള്ളത്. മുൻവശത്തെ ഒരു മുറി മാത്രമാണ് വാടകയ്ക്ക് നൽകിയിട്ടുള്ളത്. മറ്റു മുറികളെല്ലാം വാടകയ്ക്ക് നൽകാൻ കഴിയാത്ത അവസ്‌ഥയിലാണ്. വാതിലുകളും ജനലുകളും ദ്രവിച്ച് പൊളിഞ്ഞു വീഴാറായി. ഈ വീടിന്‍റേയും കെട്ടിടങ്ങളുടെയും നികുതിയായി എഴ് ലക്ഷത്തി അറുപതായിരം രൂപ അടയ്ക്കണം
പിതാവ് കിടപ്പ് രോഗി ആയതിനാൽ നാരായണ സ്വാമിക്ക് ജോലിക്ക് പോകാനും കഴിയുന്നില്ല. ഒരു മകൻ രോഗിയുമാണ്. ഈ അവസ്‌ഥയിൽ ഏഴര ലക്ഷം രൂപ നികുതി അടയ്ക്കാൻ ഒരു നിർവാഹവുമില്ല.2023 വരെ എല്ലാ വർഷവും നിലവിലുള്ള കെട്ടിട നികുതി അടച്ചിട്ടുണ്ട്. 2016ൽ മണ്ണാർക്കാട് പഞ്ചായത്ത് നഗരസഭയായതിന് ശേഷമുള്ള പരിഷ്കരിച്ച നികുതിയും പിഴപലിശയുമാണ് ഏഴരലക്ഷത്തിലേക്കെത്തിയത്. നോട്ടിസ് ലഭിച്ച ശേഷം നഗരസഭയ്ക്ക് പരാതി നൽകി. അടിയന്തിരമായി റവന്യു ഇൻസ്പെക്‌ടർ കെട്ടിടം പരിശോധിക്കുമെന്നും പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും നഗരസഭ സെക്രട്ടറി എം.സതീഷ്‌കുമാർ പറഞ്ഞു.
...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam