
ആലപ്പുഴ: ആലപ്പുഴയിൽ മാരകായുധങ്ങളുമായി പിടിയിലായ ആര്‍എസ്എസ് (RSS) പ്രവർത്തകർക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. എസ്ഡിപിഐ (SDPI) മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ നവാസ് നൈനയെ കൊലപെടുത്താൻ ശ്രമിച്ചതിനാണ് രണ്ട് ആര്‍എസ്എസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തത്. ഇവരിൽ നിന്നും വടിവാളുകൾ പിടിച്ചെടുത്തു.
ആലപ്പുഴ മണ്ണഞ്ചേരിയിൽ ആയുധങ്ങളുമായി എത്തിയ രണ്ട് ആര്‍എസ്എസ് പ്രവർത്തകരെയാണ് ഇന്നലെ രാത്രി പൊലീസ് പിടികൂടിയത്. ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. മണ്ണഞ്ചേരി പഞ്ചായത്തിലെ എസ്ഡിപിഐ അംഗമായ നവാസ് നൈനയെ വധിക്കാന്‍ എത്തിയവരാണെന്ന പരാതിയിലാണ് ഇവര്‍ക്കെതിരെ പൊലീസ് വധ ശ്രമത്തിന് കേസെടുത്തത്.
2021 ഡിസംബർ 18, 19 തിയതികളിലാണ് കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങൾ ആലപ്പുഴയില്‍ നടന്നത്. 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആർഎസ്എസ് പ്രവർത്തകർ വെട്ടിക്കൊന്നു. ഇതിന്റെ വൈരാഗ്യത്തിൽ പിറ്റേന്ന് നേരം പുലരുംമുമ്പ് ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ എസ്ഡിപിഐ പ്രവർത്തകർ വീട്ടിൽ കയറി കൊലപ്പെടുത്തി. ഷാൻ കേസിൽ പ്രതികളെ വേഗം പിടികൂടിയെങ്കിലും രൺജീത്ത് കേസിൽ പൊലീസ് നന്നേ പണിപ്പെട്ടു.
പാലക്കാട്ടെ കൊലപാതകങ്ങൾ; കണ്ണൂർ ഉൾപ്പടെയുള്ള ജില്ലകളിൽ ജാഗ്രത വേണമെന്ന് രഹസ്യാനേഷണ വിഭാഗം
പാലക്കാട്ടെ ആർഎസ്എസ്-എസ്ഡിപിഐ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ ഉൾപ്പടെയുള്ള ജില്ലകളിൽ ജാഗ്രത വേണമെന്ന് രഹസ്യാനേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തീവ്ര സ്വഭാവമുള്ള സംഘടനകളും വ്യക്തികളും സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ നിർദ്ദേശം നൽകിയത്. ഫേസ്ബുക്കിലും വാട്സാപ്പിലും പ്രകോപനം സൃഷ്ടിക്കുന്ന തരത്തിൽ പോസ്റ്റുകളും കമന്റുകളും ഇടുന്നത് പൊലീസ് നിരീക്ഷിക്കും. ലവ് ജിഹാദ് ആരോപണത്തിന്റെ പശ്ചാത്തലത്തിലും സമുദായങ്ങൾ തമ്മിൽ സ്പർധ ഉണ്ടാകാതിരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർ മുൻകരുതലെടുക്കണമെന്നും നിർദ്ദേശമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam