
പാലക്കാട്: വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തെന്ന കേസിൽ തീ൪പ്പ് ആവശ്യപ്പെട്ട് ഗായിക നഞ്ചമ്മ പാലക്കാട് ജില്ലാ കലക്ടറെ കണ്ടു. നഞ്ചമ്മ ജില്ല കലക്ട൪ക്ക് രേഖാമൂലം പരാതിയും കൈമാറി. ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതാണെന്ന് കണ്ടെത്തിയിട്ടും അവകാശമുന്നയിച്ച് വീണ്ടും പലരും കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ദേശീയ അവാര്‍ഡ് ജേതാവായ നഞ്ചമ്മ സ്വന്തം ഭൂമിയുടെ അവകാശം ഉറപ്പിച്ചു കിട്ടാനുളള പോരാട്ടം തുടരുകയാണ്. നാലേക്കര്‍ ഭൂമി മറ്റൊരാള്‍ തട്ടിയെടുത്തു. അതില്‍ അഗളി കോടതിയുടെ അനുകൂല വിധിയുണ്ടായി. വ്യാജ നികുതി രസീത് ഉപയോഗിച്ചാണ് ഭൂമി തട്ടിയെടുത്തതെന്ന് പിന്നീട് തെളിയുകയും ചെയ്തു.
എന്നാല്‍ ഇവര്‍ വീണ്ടും വീണ്ടും മേൽക്കോടതിയെ സമീപിക്കുന്നു, തനിക്ക് കൃഷി ചെയ്യാന്‍ പോലും സാധിക്കാത്ത സാഹചര്യമാണുള്ളതെന്നാണ് നഞ്ചമ്മയുടെ പരാതി. ഈ പരാതി ഉന്നയിച്ചാണ് നഞ്ചമ്മ ജില്ലാ കളക്ടറെ കാണാനെത്തിയത്. ''എല്ലാം ശരിയാക്കാമെന്നാണ് കളക്ടര്‍ പറഞ്ഞത്. എനിക്ക് എന്‍റെ ഭൂമി തിരിച്ചു കിട്ടണം. നമ്മള്‍ അതിൽ ജീവിക്കുന്നവരാണ്. ഞങ്ങളുടെ മണ്ണാണത്. അത് ഞങ്ങള്‍ക്ക് തിരിച്ചുകിട്ടണം. എന്‍റെ മക്കളൊക്കെ അവിടെ ജീവിക്കണം. കളക്ടര്‍ പറഞ്ഞത് കൊണ്ട് ഭൂമി തിരിച്ചുകിട്ടും എന്ന് എനിക്ക് പ്രതീക്ഷയുണ്ട്. ഭൂമിയില്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാനാവില്ല.'' നഞ്ചമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam