പ്ലസ്‌ടു കോഴക്കേസില്‍ കെ എം ഷാജിക്ക് വന്‍ തിരിച്ചടി; ഭാര്യയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

By Web TeamFirst Published Apr 12, 2022, 6:54 PM IST
Highlights

മുൻ എംഎൽഎ കെ എം ഷാജി കോഴ വാങ്ങിയെന്ന കേസിൽ ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. വേങ്ങേരിയിലെ വീട് അടക്കമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.  2020 ഏപ്രിലിൽ കണ്ണൂർ വിജിലൻസാണ് ആദ്യം കേസെടുത്തത്.

തിരുവനന്തപുരം: അഴീക്കോട് ഹയർസെക്കണ്ടറി സ്‌കൂളിൽ പ്ലസ്‌ടു കോഴ്സ് അനുവദിക്കാൻ മുൻ എംഎൽഎ കെ എം ഷാജി (K M Shaji) കോഴ വാങ്ങിയെന്ന കേസിൽ ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. വേങ്ങേരിയിലെ വീട് അടക്കമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.  

അഴീക്കോട് എംഎല്‍എയായിരിക്കെ 2016ല്‍ കെ.എം. ഷാജി അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ ഇരുപത്തഞ്ച് ലക്ഷം രൂപ കോഴവാങ്ങിയെന്ന് മുന്‍ ലീഗ് നേതാവാണ് ആദ്യം ആരോപണമുന്നയിച്ചത്. സ്കൂളിലെ ഒരു അധ്യാപകനില്‍നിന്നാണ് കോഴ വാങ്ങിയതെന്നും, ഈ അധ്യാപകന് പിന്നീട് സ്കൂളില്‍ സ്ഥിരനിയമനം ലഭിച്ചെന്നും ഇഡി അന്വേഷണത്തില്‍ വ്യക്തമായി. ഈ കോഴപ്പണമുപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍ വീട് പണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുവകകളാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കണ്ടുകെട്ടിയതെന്നും ഇഡി വാർത്താക്കുറിപ്പിലുണ്ട്.

2020 ഏപ്രിലില്‍ കണ്ണൂർ വിജിലന്‍സാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്. കെ.എം. ഷാജിയെയും ഭാര്യയെയും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തടക്കം കേസുമായി ബന്ധപ്പെട്ട് ഇഡി കോഴിക്കോട് ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. കേസില്‍ അന്വേഷണം തുടരുകയാണെന്നും ഇഡി വ്യക്തമാക്കി. 

 

click me!