
കൊച്ചി: പരീക്ഷാ ഹാളിൽ വെളിച്ചമില്ലാതെ വന്നതിനെ തുടർന്ന് വിദ്യാർത്ഥികൾ മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റിൽ പരീക്ഷ എഴുതിയ സംഭവത്തിൽ മഹാരാജാസ് കോളേജ് പരീക്ഷകൾ റദ്ദാക്കി. സംസ്ഥാനത്തുട നീളം മഴയും ഇടിയും കാറ്റും കോളുമായിരുന്ന കഴിഞ്ഞ ദിവസം മഹാരാജ് കോളേജിൽ രണ്ടാം വര്‍ഷ ബിരുദ, ബിരുദാനന്തര പരീക്ഷകൾ നടക്കുകയായിരുന്നു. ഈ സമയത്താണ് കോളേജിലെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടത്.
വെളിച്ചമില്ലാതെ പരീക്ഷ എഴുതാൻ കഴിയില്ലെന്ന് വന്നതോടെ വിദ്യാർത്ഥികൾ തങ്ങളുടെ മൊബൈൽ ഫോൺ വെളിച്ചത്തിലാണ് പരീക്ഷ എഴുതിയത്. നിയമപ്രകാരം പരീക്ഷാ ഹോളിൽ മൊബൈൽ ഫോണുമായി പ്രവേശിക്കാൻ പാടില്ല. ഇതാമ് വിദ്യാര്‍ത്ഥികൾ മൊബൈൽ ഫ്ലാഷിന്റെ വെളിച്ചത്തിൽ പരീക്ഷയെഴുതിയത് വിവാദമാകാൻ കാരണം.
മൊബൈൽ ഫോൺ, സ്മാര്‍ട്ട് വാച്ച്, ഇയര്‍ഫോൺ ഉൾപ്പെടെയുള്ളവ ഹാളിൽ പ്രവേശിപ്പിക്കരുതെന്ന സര്‍ക്കുലര്‍ പരീക്ഷാ കൺട്രോളര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാൽ വൈദ്യുതി മുടങ്ങിയതോടെ വിദ്യാര്‍ത്ഥികൾക്ക് പരീക്ഷയെഴുതാനുള്ള സൗകര്യം ചെയ്ത് നൽകാൻ കോളേജ് അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിനാൽ തന്നെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വിദ്യാര്‍ത്ഥികൾക്കെതിരെ നടപടിയെടുക്കാനും കഴിയില്ലെന്നാണ് അഭിപ്രായം.
സംഭവം വിവാദമായതോടെയാണ് കോളേജ് നടപടി. ഗവേർണിങ് കൗൺസിലിന്റെ നിർദ്ദേശത്തെ തുടർന്നാണ് പ്രിൻസിപ്പൽ പരീക്ഷ റദ്ദാക്കിയത്. റദ്ദാക്കിയ പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കും. ഒന്നാം വ൪ഷ ബിരുദ വിദ്യാ൪ത്ഥികളു൦, രണ്ടാം വ൪ഷ പിജി വിദ്യാ൪ത്ഥികളുമാണ് ഇരുട്ടത്ത് പരീക്ഷ എഴുതിയത്. എംജി സർവ്വകലാശാലയ്ക്ക് കീഴിലെ സ്വയംഭരണ കോളേജാണ് മഹാരാജാസ്. അതിനാൽ പരീക്ഷാ നടത്തിപ്പിലും കോളേജിന് തീരുമാനമെടുക്കാനാവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam