
തിരുവനന്തപുരം: അരിക്കൊമ്പന്റെ പേരിൽ പണപ്പിരിവ് നടത്തിയതായ ആരോപണം. ‘അരിക്കൊമ്പന് ഒരു ചാക്ക് അരി’ എന്ന പേരിൽ വാട്സ് ആപ് ഗ്രൂപ് വഴി മൃഗസ്നേഹി ഗ്രൂപ്പിന്റെ അഡ്മിൻ ഏഴുലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ആരോപണം. അരിക്കൊമ്പന് വൈദ്യസഹായവും ഭക്ഷണവും എത്തിക്കാനെന്ന പേരിലാണ് വാട്സ് ആപ് ഗ്രൂപ്പിലൂടെ പണപ്പിരിവ് നടത്തിയതെന്ന് നിരവധിപ്പേർ സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ ആരോപിച്ചു. പ്രവാസികകൾക്കടക്കം പണം നഷ്ടമായിട്ടുണ്ടെന്നും പറയുന്നു.
അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരിച്ചെത്തിക്കുന്നതിനായി സുപ്രീം കോടതിയിൽ കേസ് നടത്താനെന്ന പേരിലും പണപ്പിരിവു നടന്നു. പണപ്പിരിവിനെപ്പറ്റി അന്വേഷിക്കണമെവശ്യപ്പെട്ട് ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം ഹർജി ഫയൽ ചെയ്തിരുന്നു. അരിക്കൊമ്പന്റെ പേരിലുള്ള പണപ്പിരിവിനെപ്പറ്റി പരിശോധന നടത്താൻ പൊലീസിന് നിർദേശം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ‘എന്നും അരിക്കൊമ്പനൊപ്പം’ എന്ന വാട്സാപ് കൂട്ടായ്മ വഴിയാണ് പണപ്പിരിവ് നടത്തിയതെന്നാണ് ആരോപണം. അരിക്കൊമ്പനു വേണ്ടി ചിലർ ഏഴു ലക്ഷം രൂപ പിരിച്ചെന്നു വനം മന്ത്രി എ.കെ. ശശീന്ദ്രൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അരിക്കൊമ്പന്റെ പേരിൽ സോഷ്യൽമീഡിയയിൽ നിരവധി അക്കൊണ്ടുകളാണുള്ളത്.
ഇടുക്കി ചിന്നക്കലാനിൽ മനുഷ്യജീവനും സ്വത്തിനും ഭീഷണിയായ അരിക്കൊമ്പൻ എന്ന കാട്ടാനയെ ഈയടുത്താണ് നാടുകടത്തിയത്. കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് പേരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ടു. റേഷൻ കട തകർത്ത് അരിഭക്ഷിക്കുന്നതിനാലാണ് അരിക്കൊമ്പൻ എന്ന പേരുവീണത്. ഈ ആനയുടെ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അരിക്കൊമ്പനെ സ്ഥലം മാറ്റുന്നതിനെതിരെ മൃഗസ്നേഹി സംഘനകൾ രംഗത്തെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam