Asianet News MalayalamAsianet News Malayalam

ദിവസേന 8 കി.മീ. വരെ സഞ്ചരിക്കും; പെരിയാർ കടുവ സങ്കേതത്തിൽ ചുറ്റിത്തിരിഞ്ഞ് അരിക്കൊമ്പൻ, നിരീക്ഷണം തുടരും

കടുവ സാങ്കേതത്തിലെ മുല്ലക്കുടി ഭാഗത്ത്‌ കോർ ഏരിയയിലെ ഉൾ വനത്തിലാണ് ഇപ്പോഴുള്ളത്. ആനയുടെ നീക്കങ്ങൾ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. 

wild elephant arikomban now at Periyar Tiger Reserve nbu
Author
First Published May 21, 2023, 12:27 PM IST

ഇടുക്കി: ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ പെരിയാർ കടുവ സാങ്കേതത്തിലെ വനമേഖലയിൽ തുടരുന്നു. കടുവ സാങ്കേതത്തിലെ മുല്ലക്കുടി ഭാഗത്ത്‌ കോർ ഏരിയയിലെ ഉൾ വനത്തിലാണ് ഇപ്പോഴുള്ളത്. ആനയുടെ നീക്കങ്ങൾ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. 

കഴിഞ്ഞ ഒരാഴ്ചയായി അതിര്‍ത്തിയില്‍ കേരളത്തിന്‍റേയും തമിഴ്നാടിന്‍റേയും വനമേഖലയില്‍ ചുറ്റിത്തിരിയുകയായിരുന്ന അരിക്കൊമ്പൻ. രണ്ട് കിലോ മീറ്റര്‍ ഉള്ളിലേക്ക് കേരളത്തിന്‍റെ വനത്തില്‍ എത്തിയ കൊമ്പന്‍ പിന്നീട് അതിര്‍ത്തിയിലെത്തി തമിഴ്നാട് വനമേഖലയില്‍ സഞ്ചരിക്കുകയായിരുന്നു. ദിവസേന ഏഴ് മുതല്‍ എട്ട് കിലോ മീറ്റര്‍ വരെ കൊമ്പന്‍ സഞ്ചരിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിന് ഉള്ളില്‍ തന്നെയാണ് ഉള്ളത്. കടുവ സാങ്കേതത്തിലെ മുല്ലക്കുടി ഭാഗത്താണ് നിലവില്‍ കൊമ്പനുള്ളത്.

ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമായിരുന്നു അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടത്. ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു വനം വകുപ്പിന്‍റെ നടപടി. മംഗളാദേവി ക്ഷേത്രത്തിന് സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്.

Also Read: 'അരിക്കൊമ്പൻ അരിയും, ചക്കക്കൊമ്പൻ ചക്കയും, പിണറായി കേരളത്തെ തന്നെയും ചാമ്പുന്നു'; പരിഹസിച്ച് കെ സുധാകരൻ

കൊമ്പന്‍ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ വനം വകുപ്പ് നിരീക്ഷണം തുടരുന്നുണ്ട്. 40 പേരടങ്ങുന്ന സംഘത്തെ തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. മേഖലയില്‍ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. രാത്രിയാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. മുന്‍ കരുതലിന്‍റെ ഭാഗമായി മേഘമലയിലേക്ക് കഴിഞ്ഞ ദിവസം മുതല്‍ വിനോദ സഞ്ചാരികളെ കടത്തി വിടുന്നുമില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios