ആവിയായ അഴിമതി കേസ്; കശുവണ്ടി കോര്‍പറേഷന്‍ അഴിമതി ന്യായീകരിച്ച് ചന്ദ്രശേഖരന്‍

By Web TeamFirst Published Oct 22, 2020, 6:59 AM IST
Highlights

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലടക്കം സിപിഎം ഉയര്‍ത്തിയ പ്രധാന അഴിമതി ആരോപണമാണ് സര്‍ക്കാര്‍ തീരുമാനത്തോടെ ആവിയാകുന്നത്. പ്രതിപക്ഷ മുന്നണിയിലെ പ്രധാന നേതാവിനെയടക്കം പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് ഒഴിവാക്കി കൊടുത്ത സര്‍ക്കാര്‍ നടപടിയില്‍ കടുത്ത വിയോജിപ്പുണ്ട് കൊല്ലത്തെ സിപിഎം നേതാക്കള്‍ക്ക്.

കൊല്ലം: മുഖ്യമന്ത്രിയുമായുളള സൗഹൃദം കൊണ്ടല്ല നിയമപരമായി നിലനില്‍പ്പില്ലാത്തതിനാലാണ് കശുവണ്ടി കോര്‍പറേഷന്‍ അഴിമതി കേസ് ഇല്ലാതാകുന്നതെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരന്‍. കെ എം എബ്രഹാം ആണ് കേസിന് പിന്നിലെന്നും ചന്ദ്രശേഖരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുളളവരെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്ന സര്‍ക്കാര്‍ നിലപാടില്‍ അതൃപ്തിയുണ്ടെങ്കിലും തല്‍ക്കാലം പരസ്യ പ്രതികരണം വേണ്ടെന്ന നിലപാടിലാണ് കൊല്ലത്തെ സിപിഎം നേതൃത്വം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലടക്കം സിപിഎം ഉയര്‍ത്തിയ പ്രധാന അഴിമതി ആരോപണമാണ് സര്‍ക്കാര്‍ തീരുമാനത്തോടെ ആവിയാകുന്നത്. കേസിലെ മുഖ്യപ്രതിയായ ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനുമായി മുഖ്യമന്ത്രി പിണറായി വിജയനുളള സൗഹൃദമാണ് കേസ് അട്ടിമറിക്കാന്‍ കാരണമായതെന്ന് പല കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ രാഷ്ട്രീയ സൗഹൃദത്തെ കേസുമായി ബന്ധിപ്പിക്കുന്നതിന് അടിസ്ഥാനമില്ലെന്നാണ് ആരോപണ വിധേയനായ ആര്‍ ചന്ദ്രശേഖരന്‍റെ പക്ഷം.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥന്‍ കെ എം എബ്രഹാമിനെതിരെയും കടുത്ത വിമര്‍ശനമുയര്‍ത്തുകയാണ് ചന്ദ്രശേഖരന്‍. 

പ്രതിപക്ഷ മുന്നണിയിലെ പ്രധാന നേതാവിനെയടക്കം പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് ഒഴിവാക്കി കൊടുത്ത സര്‍ക്കാര്‍ നടപടിയില്‍ കടുത്ത വിയോജിപ്പുണ്ട് കൊല്ലത്തെ സിപിഎം നേതാക്കള്‍ക്ക്. എന്നാല്‍ വിഷയത്തില്‍ തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന നിലപാടാണ് കശുവണ്ടി കോര്‍പറേഷനിലെ അഴിമതിക്കെതിരായ സമരം നയിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മ ഉള്‍പ്പെടെയുളള നേതാക്കള്‍.

click me!