
തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സംസ്ഥാന സർക്കാർ വീണ്ടും നിഷേധിച്ചു. മുൻ ചെയർമാനും ഐഎൻടിയുസി സംസ്ഥാന അധ്യക്ഷനുമായ ആർ ചന്ദ്രശേഖരൻ, മുൻ മാനേജിങ് ഡയറക്ടർ കെ എ രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് സിബിഐ അനുമതി തേടിയിരുന്നത്. മുമ്പ് രണ്ടു തവണ പ്രോസിക്യൂഷൻ അനുമതി നിരസിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സിബിഐയുടെ ആവശ്യം വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് വീണ്ടും പരിഗണിച്ച ശേഷമാണ് പ്രോസിക്യൂഷൻ അനുമതി നൽകേണ്ടതില്ലെന്ന് വ്യവസായ വകുപ്പ് തീരുമാനിച്ചത്. ഇക്കാര്യം നാളെ ഹൈക്കോടതിയെ അറിയിക്കും.
കശുവണ്ടി ഇറക്കുമതി ഇടപാടിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്ന് ആരോപിച്ച് കൊല്ലം സ്വദേശിയായ കടകംപള്ളി മനോജാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കോടതി സിബിഐയെ കേസന്വേഷണം ഏല്‍പ്പിച്ചു. ചന്ദ്രശേഖരനും രതീഷും ഔദ്യോഗിക പദവിയിലിരുന്നപ്പോൾ നടന്ന ഇടപാടുകളാണെന്നും അതിൽ ക്രമക്കേടുണ്ടെന്നും തെളിയിക്കാൻ ആവശ്യമായ രേഖകൾ സിബിഐ സമർപ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഇടതു സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചു. പിന്നീട് കടകംപള്ളി മനോജ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
2005 മുതൽ 2015 വരെ കശുവണ്ടി വികസന കോർപറേഷൻ എംഡി ആയിരുന്ന രതീഷ്, 2012 മുതൽ 2015 ചെയർമാനുമായിരുന്ന ചന്ദ്രശേഖരൻ, 2006 മുതൽ 2011 വരെ ചെയർമാനായിരുന്ന ഇ.കാസിം, കോട്ടയം ആസ്ഥാനമായ ജെഎംജെ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരൻ ജെയ്മോൻ ജോസഫ് എന്നിവരായിരുന്നു കേസിലെ പ്രതികൾ. സിബിഐ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുൻപ് കാസിം അന്തരിച്ചു.