
തൃശൂർ: ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ബി അനൂപിനെ സിപിഎം കുന്നംകുളം ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. ഇന്നലെ ചേർന്ന കുന്നംകുളം ഏരിയ കമ്മിറ്റി യോഗത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ വാസു ജില്ലാ കമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തത്. മാസങ്ങൾക്ക് മുമ്പ് സംസ്ഥാന കമ്മിറ്റി അനൂപിനെയും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായ അഡ്വ. വൈശാഖനെയും ഏരിയ കമ്മിറ്റികളിലേക്ക് വീണ്ടും ഉൾപ്പെടുത്തണമെന്ന് ജില്ലാ കമ്മറ്റിയോട് ആവശ്യപ്പെട്ടിരുന്നു.സംസ്ഥാന കമ്മിറ്റിയുടെ ആവശ്യം ജില്ലാ കമ്മിറ്റി വിശദമായി ചർച്ച ചെയ്ത ശേഷമാണ് ഇരുവരെയും അതാത് ഏരിയ കമ്മിറ്റികളിൽ ഉൾപ്പെടുത്താൻ തിരുമാനിച്ചത്.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോൾ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസിന് സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണമാണ് പി ബി.അനൂപിനെ തരം താഴ്ത്താൻ കാരണം. ഏ്രരിയാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. പിന്നീട് പാർട്ടി സമ്മേളനം നടന്നപ്പോൾ ഏരിയ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ അനൂപ് ചൂണ്ടൽ ലോക്കൽ കമ്മിറ്റി അംഗമായി പ്രവർത്തിക്കുകയായിരുന്നു.
എന്നാൽ ആരോപണങ്ങൾ വസ്തുതാപരമല്ലെന്ന് പാർട്ടി കണ്ടെത്തിയ സാഹചര്യത്തിലാണ് അനൂപിനെ വീണ്ടും ഏരിയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്. പാർട്ടിയിലെ ചിലരുടെ ആസൂത്രിത നീക്കമാണ് അനൂപ് ഉൾപ്പെടെയുള്ള യുവാക്കളെ കമ്മറ്റികളിൽ നിന്നും ഒഴിവാക്കിയതെന്ന ആക്ഷേപം നേരത്തേ ഉണ്ടായിരുന്നു. തദ്ദേശ - നിയമസഭ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ യുവാക്കളെ പാർട്ടിയോട് അടുപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ധൃതിപ്പെട്ട് അനൂപിനെയും വൈശാഖനെയും തിരിച്ചെടുത്തത്.