കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി; പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതിയില്ലെന്ന് സർക്കാർ

By Web TeamFirst Published Oct 21, 2020, 4:11 PM IST
Highlights

അഴിമതിക്കേസിൽ പ്രതികളായ മുൻ എം ഡി രതീശൻ, മുൻ ചെയർമാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറുമായി ആർ. ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ് സിബിഐ പ്രോസിക്യൂഷൻ അനുമതി ചോദിച്ചത്. 

തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിലെ പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതിയില്ലെന്ന് സർക്കാർ സിബിഐയെ അറിയിച്ചു. അഴിമതിക്കേസിൽ പ്രതികളായ മുൻ എം ഡി രതീശൻ, മുൻ ചെയർമാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറുമായി ആർ. ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ് സിബിഐ പ്രോസിക്യൂഷൻ അനുമതി ചോദിച്ചത്. തെളിവുകളുടെ അഭാവത്തിൽ പ്രോസിക്യൂഷൻ അനുമതിയില്ലെന്നാണ് വ്യവസായ വകുപ്പ് സിബിഐക്ക് നൽകിയ മറുപടി. 500 കോടിലേറെ അഴിമതി നടന്നുവെന്ന ഹർജിയിൽ ഹൈക്കോടതിയിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍,മുൻ എംഡി രതീശന്‍, കരാറുകാരന്‍ ജയ്മോന്‍ജോസഫ് എന്നിവരാണ് കേസിലെ പ്രതികള്‍. ഹൈക്കോടതി വിധിയെ തുടര്‍ന്ന് സിബിഐ അന്വേഷിച്ച കേസിലാണ് സർക്കാർ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചത്. സിബിഐ റിപ്പോർട്ടിൽ വേണ്ടത്ര തെളിവില്ലെന്നാണ് നിയമോപദേശം. കഴി‍ഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ ഏറ്റവും വലിയ പ്രചരണ വിഷയമായിരുന്നു കശുവണ്ടി അഴിമതി. എന്നാൽ അനുമതി നിഷേധിച്ചതിനെ കുറിച്ച് സിപിഎം എൽഡിഎഫ് നേതാക്കള്‍ക്ക് ഒരു വ്യക്തതയുമില്ല. തെളിവില്ലെന്ന് കണ്ടത്തലിന് അപ്പുറം ചന്ദ്രശേഖരൻറെയും രതീശൻറെയും ഉന്നത ബന്ധങ്ങളാണ് കേസ് എഴുതിതള്ളുന്നതിന് പിന്നിലെന്നാണ് പരാതി.

യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് കോർപ്പറേനിലെ അഴിമതി കണ്ടെത്തിയ ധനകാര്യ സെക്രട്ടറിക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ ചന്ദ്രശേഖരൻ നടത്തിയ സമരത്തിന് പിന്തുണ അറിയിച്ച് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി സമരപന്തലിലെത്തിയിരുന്നു. ആരോപണ വിധേയനായ രതീശിനെ ഈ സർക്കാർ വന്നതിന് ശേഷം വ്യവസായവകുപ്പിന് കീഴിലെ സ്ഥാപനങ്ങളിലെ സുപ്രധാന തസ്തികളിലാണ് നിയമിച്ചതും വിവാദമായിരുന്നു. അപ്പോഴെല്ലാം സിബിഐ അന്വേഷണത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ഇവർ‍ക്കെതിരെ സിബിഐ കേസ് അവസാനിപ്പിക്കുന്നത്. 

click me!