നയപ്രഖ്യാപനത്തിൽ കേന്ദ്ര വിമർശനമുൾപ്പെടുന്ന ഭാഗം ഗവർണർ വായിക്കാതെ വിട്ടതും, പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഭാഗം കൂട്ടി ചേർത്ത് വായിച്ചതും തെറ്റായ നടപടിയാണെന്ന് വിഡി സതീശൻ

തിരുവനന്തപുരം : നയപ്രഖ്യാപന വേളയിൽ നിയമസഭയിൽ നടന്ന നാടകീയ നീക്കങ്ങളും മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശമടക്കം സുപ്രധാന വിഷയങ്ങളുയർത്തി ഭരണ പക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. മതേതര മൂല്യം ഉയർത്തി പിടിക്കുന്നുവെന്ന സർക്കാറിന്റെ നയപ്രഖ്യാപനത്തെ, സജി ചെറിയാന്റെ വിവാദ പരാമർശം ഉയർത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. നയപ്രഖ്യാപനത്തിൽ കേന്ദ്ര വിമർശനമുൾപ്പെടുന്ന ഭാഗം ഗവർണർ വായിക്കാതെ വിട്ടതും, പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഭാഗം കൂട്ടി ചേർത്ത് വായിച്ചതും തെറ്റായ നടപടിയാണെന്ന് വിഡി സതീശൻ ചൂണ്ടിക്കാട്ടി. ഇന്ന് മുഖ്യമന്ത്രി കേന്ദ്രത്തെ വിമർശിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണ്. സർക്കാർ പ്രതിസന്ധിയിൽ ആകുമ്പോൾ ഗവർണർ-സർക്കാർ പോര് വരും. പിന്നാലെ എല്ലാം സെറ്റിൽമെന്റ് ചെയ്യുമെന്നും സതീശൻ പരിഹസിച്ചു. 

‘സജി ചെറിയാന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെ’ 

മുനിസിപ്പാലിറ്റിയിലും മലപ്പുറം ജില്ലാ പഞ്ചായത്തിലും വിജയിച്ചവരുടെ പേര് പരിശോധിച്ചാൽ കേരളത്തിലെ വർഗീയ ധ്രുവീകരണം വ്യക്തമാകുമെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് കരുതുന്നതെന്ന് സതീശൻ ആരോപിച്ചു. സിപിഎം ഡിസൈൻ ചെയ്തു പറയിപ്പിച്ചു. മുഖ്യമന്ത്രി ഡൽഹിയിൽ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സമാന പരാമർശം നടത്തിയിരുന്നു. സജിക്ക് എതിരെ സഭക്ക് അകത്തും പുറത്തും ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.

ശബരിമല ഹൈക്കോടതി വിധി ഗൗരവമേറിയതാണ്. ഒറിജിനൽ പാളി മാറ്റിയെന്ന പ്രതിപക്ഷ ആരോപണം തെളിഞ്ഞു. 100 കണക്കിന് കോടിയുടെ കൊള്ളയാണ് നടന്നത്. ആർക്കും ആരെയും രക്ഷിക്കാൻ ആകില്ല. അന്വേഷണം നല്ല ദിശയിൽ പോയാൽ കൂടുതൽ പേര് കുടുങ്ങും. വാജി വാഹന കൈമാറ്റം ഹൈകോടതി അംഗീകരിച്ചതാണ്. വിധി പ്രകാരം എന്ന് അഭിഭാഷക കമ്മീഷൻ അംഗീകരിച്ചു. കൈ മാറ്റം ആചാര വിധി പ്രകാരം എന്ന് കോടതി പറഞ്ഞു. കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണ് വാജി വാഹന വിവാദം പറയുന്നത്.

ഇടത് സർക്കാരിന്റെ മതേതര മുഖം നഷ്ടപ്പെട്ടു- കുഞ്ഞാലിക്കുട്ടി 

സജി ചെറിയാന്റെ പ്രസ്താവന അവിശ്വസനീയമാണെന്നും ഇടത് സർക്കാരിന്റെ മതേതര മുഖം നഷ്ടപ്പെട്ടുവെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. പേര് നോക്കി ആളെ തീരുമാനിക്കുകയെന്നത് ചിന്തിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.