
തിരുവനന്തപുരം: ജാതീയ അധിക്ഷേപം നടത്തിയ മേലുദ്യോഗസ്ഥക്കെതിരെ പരാതി നൽകിയിട്ടും മ്യൂസിയം പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് സി ഡിറ്റ് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു. സംഭവം വിവാദമായതിന് പിന്നാലെ അഞ്ചാം തീയതി കൊടുത്ത പരാതിയിൽ ചൊവ്വാഴ്ച പൊലീസ് കേസെടുത്തു. ആത്മഹത്യക്ക് ശ്രമിച്ച സി ഡിറ്റ് ഉദ്യോഗസ്ഥ പൊലീസിനെതിരെ ഉന്നയിക്കുന്നത് ഗുരുതര ആക്ഷേപമാണ്. മേലുദ്യോഗസ്ഥ നിരന്തരമായി അപകീര്‍ത്തിപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്ന് കാണിച്ച് മാര്‍ച്ച് അഞ്ചിനാണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. എന്നാൽ കേസെടുക്കാതെ ഒമ്പതിന് ഒത്തു തീർപ്പിനായി വിളിപ്പിച്ചെന്നാണ് ആക്ഷേപം. പരാതി ഉന്നയിച്ച മേലുദ്യോഗസ്ഥയെയും അന്ന് വിളിപ്പിച്ചതായും പരാതിക്കാരി പറയുന്നു. സി ഡിറ്റിലെ ആഭ്യന്ത രപരാതി പരിഹാര കമ്മിറ്റിയുടെ റിപ്പോർട്ടിന് ശേഷമേ നടപടി എടുക്കൂ എന്ന് ആദ്യം പൊലീസ് നിലപാടെടുത്തുവെന്നാണ് ആരോപണം. ഇക്കഴിഞ്ഞ ശനിയാഴ്ച ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി പരാതി ഗൗരവമുള്ളതാണെന്ന റിപ്പോർട്ട് നൽകിയിട്ടും പൊലീസ് അനങ്ങിയില്ലെന്നും ഇവർ പറയുന്നു.
എല്ലാത്തിനും ഒടുവിലാണ് കഴിഞ്ഞ ദിവസം അമിത അളവിൽ ഗുളികകൾ കഴിച്ച് പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ചത്. പരാതിക്കാരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമല്ല. മ്യൂസിയം പൊലീസ് മാത്രമല്ല പല രാഷ്ട്രീയനേതാക്കളും ഒത്ത് തീർപ്പിനാണ് ശ്രമിച്ചതെന്നും പരാതിക്കാരി പറയുന്നു. ആത്മഹത്യാശ്രമം പുറത്ത് വന്നതോടെ പരാതിയിൽ ഒടുവിൽ മ്യൂസിയം പൊലീസ് കേസെടുത്തു. പരാതി വിശദമായി പരിശോധിക്കേണ്ടത് കൊണ്ടാണ് കേസെടുക്കാൻ വൈകിയതെന്നാണ് പൊലീസ് വിശദീകരണം.
Read Also: അട്ടപ്പാടി മധു കേസ്; വിധി ഈ മാസം 30ന്, കൂറുമാറിയ സാക്ഷികൾക്ക് എതിരെ നടപടി വരുമോ?
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam