Asianet News MalayalamAsianet News Malayalam

അട്ടപ്പാടി മധു കേസ്; വിധി ഈ മാസം 30ന്, കൂറുമാറിയ സാക്ഷികൾക്ക് എതിരെ നടപടി വരുമോ?

സാക്ഷികളിൽ പലരും കോടതിയിൽ എത്തിയതു പോലും പ്രതികൾക്കൊപ്പം. സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കിയതോടെ കൂറുമാറ്റം ഒരു പരിധി വരെ തടയാൻ പ്രോസിക്യൂഷന് കഴിഞ്ഞു. കോടതിയിൽ കൂറുമാറിയ സാക്ഷി കക്കി മൂപ്പൻ പിന്നീട് കുറ്റബോധത്താൽ മൊഴി മാറ്റുന്ന കാഴ്ചയും വിചാരണയ്ക്കിടെ ഉണ്ടായി.

attapadi madhu case verdict on 30th of this month vcd
Author
First Published Mar 29, 2023, 3:24 AM IST

തിരുവനന്തപുരം: അട്ടപ്പാടി മധു കേസിൽ വിധി ഈ മാസം 30ന്. കേസിൽ വിചാരണ തുടങ്ങിയതു മുതൽ തുടർച്ചയായി സാക്ഷികൾ കൂറുമാറിയത് പ്രോസിക്യൂഷന് വലിയ തലവേദനയാണ് ഉണ്ടാക്കിയത്. സാക്ഷികളിൽ പലരും കോടതിയിൽ എത്തിയതു പോലും പ്രതികൾക്കൊപ്പം. സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കിയതോടെ കൂറുമാറ്റം ഒരു പരിധി വരെ തടയാൻ പ്രോസിക്യൂഷന് കഴിഞ്ഞു. കോടതിയിൽ കൂറുമാറിയ സാക്ഷി കക്കി മൂപ്പൻ പിന്നീട് കുറ്റബോധത്താൽ മൊഴി മാറ്റുന്ന കാഴ്ചയും വിചാരണയ്ക്കിടെ ഉണ്ടായി.

മധു കേസിൽ കക്കി മൂപ്പൻ ഉൾപ്പടെ ആകെ 122 സാക്ഷികളാണുള്ളത്. ഇതിൽ വിസ്തരിച്ചത് 103 പേരെ.10 മുതൽ 17 വരെയുള്ള സാക്ഷികളാണ് രഹസ്യമൊഴി നൽകിയത്. 2022 ഏപ്രിൽ 28 നാണ് സാക്ഷി വിസ്താരം തുടങ്ങിയത്. ഇൻക്വസ്റ്റ് സാക്ഷി വെള്ളങ്കരിയെ വിസ്തരിച്ചാണ് തുടക്കം. തൊട്ടടുത്ത ദിവസങ്ങളിലായി ദൃക്സാക്ഷികൾ ഉൾപ്പെടെ കൂറുമാറി. രഹസ്യമൊഴി നൽകിയ 8 പേരിൽ 13-ാം സാക്ഷി സുരേഷ് കുമാർ മാത്രമാണ് മൊഴിയിൽ ഉറച്ചു നിന്നത്. അഡ്വ. സി. രാജേന്ദ്രനെ മാറ്റി രാജേഷ് എം. മേനോനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടും കൂറുമാറ്റം തുടർന്നു. പ്രോസിക്യൂഷന് സാക്ഷികളെ കാണാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥ.

ജാമ്യത്തിൽ പുറത്തുള്ള പ്രതികളും സാക്ഷികളും ഒരേ നാട്ടുകാരാണ്. സാക്ഷികളിലേറെയും പ്രതികളെ ആശ്രയിച്ചു കഴിയുന്നവർ. വിചാരണ തുടങ്ങാൻ വൈകിയതും കൂറുമാറ്റം എളുപ്പത്തിലാക്കി. ഇതോടെയാണ് സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കാൻ മാനമായത്. പ്രതികളും സാക്ഷികളും പൊലീസ് നിരീക്ഷണത്തിലായി. പ്രതികളുടെ ഫോൺ കോളുകളും പണമിടപാടുകളും പൊലീസ് കൃത്യമായി പരിശോധിച്ചു. പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനയും സാക്ഷികളെ ഫോണിൽ വിളിച്ചെന്ന് കണ്ടെത്തി. പ്രധാന ഇടനിലക്കാരൻ ആനവായി സ്വദേശി ആഞ്ചൻ. ആസൂത്രിതമായ കൂറുമാറ്റം നടന്നെന്ന് വന്നതോടെ 12 പ്രതികളുടെ പ്രതികളുടെ ജാമ്യം റദ്ദാക്കി.

വിധി വരുമ്പോൾ, മറ്റുചില ചോദ്യങ്ങളിൽ കൂടി വ്യക്തത വരും. കൂറുമാറിയ സാക്ഷികൾക്ക് എതിരെ നടപടി വരുമോ? കൂറുമാറ്റാൻ ഇടനില നിന്ന വ്യക്തിക്ക് എതിരെ കേസുണ്ടാകുമോ? സാക്ഷി സംരക്ഷണ നിയമം നടപ്പലാക്കിയ കേസിൽ വിധി ഏറെ ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

Read Also: 'വസ്തുത പറയുമ്പോൾ കൂവിയിട്ട് കാര്യമില്ല, കഞ്ഞിയും പുസ്തകവും കൊടുത്താൽ ചുമതല കഴിഞ്ഞെന്ന് കരുതുന്നവരോട് സഹതാപം'


 

Follow Us:
Download App:
  • android
  • ios