'ഇങ്ങനെ പോയാൽ പണിയുണ്ടാകില്ല'; ആദിവാസി വിഭാഗത്തിൽപ്പെട്ട പൊലീസുകാരന് അട്ടപ്പാടിയിൽ വീണ്ടും ജാതിവിവേചനം

Published : Oct 07, 2019, 05:55 PM ISTUpdated : Oct 07, 2019, 05:57 PM IST
'ഇങ്ങനെ പോയാൽ പണിയുണ്ടാകില്ല';  ആദിവാസി വിഭാഗത്തിൽപ്പെട്ട പൊലീസുകാരന് അട്ടപ്പാടിയിൽ വീണ്ടും ജാതിവിവേചനം

Synopsis

ആദിവാസി വിഭാഗത്തിൽപ്പെട്ട എ ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ ആത്മഹത്യക്ക് തൊട്ടു പിന്നാലെയാണ് മാനസിക പീഡനമെന്ന് അട്ടപ്പാടിയിലെ മറ്റൊരു പൊലീസുകാരനും പരാതി ഉന്നയിക്കുന്നത്. ജൂലൈ 25 ന് രാത്രിയാണ് മുപ്പതുകാരനായ കുമാറിനെ ട്രെയിന്‍ തട്ടിമരിച്ച നിലയിൽ കണ്ടത്.

അട്ടപ്പാടി:അട്ടപ്പാടിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട പൊലീസുകാരന് മാനസിക പീഡനമെന്ന് പരാതി. ഒരുവർഷമായി സഹപ്രവർത്തകർ മാനസികമായി പീഡിപ്പിക്കുന്നെന്ന് കാണിച്ച് അഗളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഹരി പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കുമുൾപ്പെടെ പരാതി നൽകി. മാനസിക പീഡനം മൂലം ഹരിക്ക് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് ഭാര്യ ദേവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ആദിവാസി വിഭാഗത്തിൽപ്പെട്ട എ ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ ആത്മഹത്യക്ക് തൊട്ടു പിന്നാലെയാണ് മാനസിക പീഡനമെന്ന് അട്ടപ്പാടിയിലെ മറ്റൊരു പൊലീസുകാരനും പരാതി ഉന്നയിക്കുന്നത്. അഗളി സ്റ്റേഷനിൽ കഴിഞ്ഞ ഒരു വർഷമായി നിരന്തരം അവഹേളനത്തിനും മാറ്റിനിർത്തലിനും വിധേയനാകുന്നെന്നാണ് സിവിൽ പൊലീസ് ഓഫീസർ ഹരിയുടെ പരാതി. 

മാവോയിസ്റ്റ് വേട്ടക്ക് ബാഡ്ജ് ഓഫ് ഓണർ നേടിയ പൊലീസുകാരൻ കൂടിയാണ് ഹരി. സഹപ്രവർത്തകരായ ആറ് പേരാണ് തന്നെ മാനസികമായി പീഡിപ്പിക്കുന്നതെന്ന് പരാതിയിലുണ്ട്. തന്നെക്കുറിച്ച് ഊരുകളിലുൾപ്പെടെ മറ്റ് പൊലീസുകാർ വ്യാജപ്രചരണങ്ങൾ നടത്തുന്നെന്നും ഹരി പറയുന്നു. ഊരുമൂപ്പൻ കൂടിയായ തനിക്ക് ഇതോടെ ഊരുകളിൽ പോലും പോകാനാവാത്ത സ്ഥിതിയെന്നും ഹരി പറഞ്ഞു. തന്റെ ഭാര്യയെ ഫോണിലൂടെ ചില പൊലീസുകാർ ഭീഷണിപ്പെടുത്തിയെന്നും മോശമായി പെരുമാറിയെന്നും പരാതിയിലുണ്ട്.

ഓഫീസിൽ നിന്നുള്ള നിരന്തര ആക്ഷേപത്തെ തുടർന്ന് ജോലിക്ക് പോകാൻ പ്രയാസപ്പെടുകയാണ് ഹരിയെന്ന് ഭാര്യ ദേവി പറഞ്ഞു. ഓഫീസിൽ പോയാൽ കളിയാക്കലുകൾ ആണ് നേരിടേണ്ടത്. ഓഫീസിൽ പോകാൻ താത്പര്യമില്ലാത്ത മാനസികാവസ്ഥയിലേക്ക് ഹരി എത്തി. ഇങ്ങനെ പോയാൽ പണി പോകും, വീട്ടിൽ അരി വാങ്ങാൻ ബുദ്ധിമുട്ടേണ്ടി വരും തുടങ്ങിയ ഭീഷണികളാണ് ഹരിക്ക് പൊലീസുദ്യോഗസ്ഥരിൽ നിന്ന് നേരിടേണ്ടി വരുന്നതെന്നും ഭാര്യ ദേവി ഏഷ്യാനെറ്റ് ന്യൂസിനോട്  പറഞ്ഞു.

അതേസമയം പരാതിയിൽ കഴമ്പില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് അഗളി എ എസ് പി അറിയിച്ചു. പരാതി കിട്ടിയ സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അഗളി എഎസ്പി അറിയിച്ചു

ജൂലൈ 25 ന് രാത്രിയാണ് മുപ്പതുകാരനായ കുമാറിനെ ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടിമരിച്ച നിലയിൽ കണ്ടത്. പാലക്കാട് കല്ലേക്കാട് AR ക്യാംപിലെ പൊലീസുകാരൻ  അട്ടപ്പാടി സ്വദേശി കുമാറിന്റെ ആത്മഹത്യ ജാതിവിവേചനം മൂലമെന്നായിരുന്നു ആത്മഹത്യാക്കുറിപ്പ്. ക്യാംപിലെ ഉന്നത ഉദ്യോഗസ്ഥനും മറ്റൊരു  മേലുദ്യോഗസ്ഥനും നിരന്തരമായി പീഡിപ്പിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്: എം പത്മകുമാറിന്റെ ജാമ്യാപേക്ഷ പരി​ഗണിക്കാൻ മാറ്റി, ​ഗുരുതര സ്വഭാവമുള്ള കേസെന്ന് ഹൈക്കോടതി
അതീവ ഗുരുതര വിവരങ്ങൾ; ടേക്ക് ഓഫ് സമയത്ത് വലിയ ശബ്‍ദം, ടയർ പൊട്ടിയതായി സംശയം; പ്രശ്നം യാത്രക്കാരെ അറിയിച്ചത് കൊച്ചിയിലെത്തിയപ്പോൾ