
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യപ്രതി ജോളിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി വീട്ടുജോലിക്കാര്‍. പൊന്നാമറ്റത്ത് വീട്ടുജോലിക്ക് നിന്നിരുന്ന അന്നമ്മ എന്ന സത്രീയുടെ മകളാണ് ജോളിയെക്കുറിച്ച് പുതിയ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. പൊന്നാമറ്റത്ത് നിന്ന് ഭക്ഷണം കഴിച്ച ശേഷം ഒരിക്കല്‍ തന്‍റെ അമ്മയ്ക്ക് വയ്യായ്മ അനുഭവപ്പെട്ടിരുന്നെന്നാണ് ഏലിയാമ്മയുടെ ആരോപണം. ഇത് കൊലപാതകശ്രമമായിരുന്നെന്ന് ഇപ്പോള്‍ സംശയിക്കുന്നതായും ഏലിയാമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
അമ്മ ഛര്‍ദ്ദിച്ചെന്ന് പറഞ്ഞ് ജോളി തന്നെ വിളിച്ചു. ചേടത്തിയമ്മ ഛര്‍ദ്ദിച്ച് മയങ്ങി കിടക്കുകയാണ്, ആശുപത്രിയില്‍ എത്തിക്കണം. താന്‍ അങ്ങോട്ട് എത്തുന്നതേയുള്ളുവെന്നായിരുന്നു ജോളി തന്നെ വിളിച്ച് പറഞ്ഞതെന്ന് ഏലിയാമ്മ ഓര്‍മ്മിച്ചു. ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഡോക്ടര്‍ പരിശോധിച്ചിട്ട് രോഗം ഒന്നുമില്ലെന്നാണ് പറഞ്ഞത്. പിന്നാലെ ജോളി എത്തി. ഇപ്പോള്‍ ഇതൊക്കെ കേള്‍ക്കുമ്പോള്‍ തോന്നുന്ന സംശയമാണെന്നും ഏലിയാമ്മ പറഞ്ഞു.
റോയിയുടെ മരണ ശേഷം അഡ്വക്കേറ്റ് ജോർജ്, ജോൺസൺ എന്നിവർ നിരന്തരം ജോളിയെ കാണാൻ വീട്ടിൽ വരാറുണ്ടായിരുന്നെന്ന് വീട്ടുജോലിക്കാരനായിരുന്ന സുന്ദരൻ പറഞ്ഞു. 40 വർഷമായി പൊന്നാമറ്റത്ത് ജോലി ചെയ്തിരുന്ന ആളാണ് സുന്ദരൻ. മാഷോ ടീച്ചറോ റോയിയോ ഉണ്ടയിരുന്നപ്പോൾ ഇവർ വന്നിരുന്നില്ല. മൂവരുടേയും മരണശേഷം ആണ് ഇവർ വീട്ടിൽ പതിവായി എത്തിയത്. പരിചയം ഇല്ലാത്ത മറ്റൊരാളും വരാറുണ്ടായിരുന്നു. ഇവർക്ക് ഈ കുടുംബവുo ആയി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. അതിനെ താൻ വിമർശിച്ചിരുന്നു. ഇതിൽ ജോളിക്ക് തന്നോട് വെറുപ്പ് ഉണ്ടായിരുന്നെന്നും പിന്നീട് ഈ വീട്ടിൽ ജോലിക്ക് പോയില്ലെന്നും സുന്ദരന്‍ പറഞ്ഞു.
അതേസമയം കൂടത്തായി കൊലപാതകങ്ങളില്‍ ജോളിക്ക് മാത്രമല്ല ഭര്‍ത്താവ് ഷാജുവിനും പങ്കുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. തന്‍റെ സ്വന്തം ഭാര്യയെയും പത്ത് മാസം പ്രായമായ കുഞ്ഞിനെയും ജോളി കൊന്നത് തന്‍റെ അറിവോടെയാണെന്ന് ഷാജു ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. തന്‍റെ അറിവോടെയാണ് രണ്ട് കൊലപാതകവും നടന്നത്. കുഞ്ഞായ ആൽഫിനെ ആദ്യം ജോളി കൊന്നുവെന്നും പിന്നീട് ഭാര്യ സിലിയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത് ഒന്നിച്ച് വയനാട് പനമരത്തേക്ക് ഒരു കല്യാണത്തിന് ജോളിയുമൊന്നിച്ച് പോയപ്പോഴാണെന്നും ഷാജു സമ്മതിച്ചു.
പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഷാജു കുറ്റങ്ങൾ ഓരോന്നായി സമ്മതിച്ചത്. സിലിയിലുള്ള മകനെയും കൊല്ലണമെന്ന് ജോളി ആവശ്യപ്പെട്ടുവെന്നും എന്നാൽ താനതിനെ എതിർത്തെന്നും, തന്‍റെ അച്ഛനുമമ്മയും മകനെ നോക്കിക്കോളുമെന്ന് പറഞ്ഞ് അത് ഒഴിവാക്കിയെന്നും ഷാജു ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി. മകൾ ബാധ്യതയാകുമെന്ന് ഞങ്ങൾ രണ്ട് പേരും ഭയന്നു. അതുകൊണ്ടാണ് മകളെ കൊല്ലാൻ തീരുമാനിച്ചതെന്നും ഷാജു പൊലീസിനോട് സമ്മതിച്ചു. ഷാജുവിന്‍റെ അച്ഛൻ സക്കറിയയും കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകവിവരം മകൻ തന്നോട് പറഞ്ഞിരുന്നുവെന്നാണ് സക്കറിയ പറഞ്ഞത്. പൊലീസ് സ്റ്റേഷനിലെത്തിയ സക്കറിയയെയും ഇപ്പോൾ ചോദ്യം ചെയ്ത് വരികയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam