
സാക്ഷരതയിൽ ഏറെ മുന്നിലുള്ള കേരളത്തിൽ ജാതി വേർതിരിവ് ഇല്ലെന്നാണ് പൊതുവിൽ പറയപ്പെടുന്നത്. എന്നാൽ പിന്നോക്ക - ദളിത് - ആദിവാസി വിഭാഗത്തിന് നേരെ ഒളിഞ്ഞും തെളിഞ്ഞും അമ്പുകൾ പായിക്കുന്നതാണ് ഇന്ന് കേരളത്തിൽ കാണാൻ കഴിയുന്നൊരു സ്ഥിതി. സ്കൂൾ, ആശുപത്രി, സിനിമ, സാഹിത്യം എന്നിങ്ങനെ വിദ്യാഭ്യാസമുള്ളവർ സജീവമായ മേഖലകളിൽ വരെ പിന്നോക്ക - ദളിത് - ആദിവാസി വിഭാഗക്കാർ എന്തിനും ഏതിനും പഴി കേൾക്കേണ്ടി വരുന്ന സാഹചര്യം കേരളത്തിൽ മുൻ കാലത്തെ അപേക്ഷിച്ച് കൂടുകയാണ്.
പിന്നോക്കം നിൽക്കുന്ന ഗൃഹാന്തരീക്ഷങ്ങളിൽ നിന്ന് ക്ലാസ് മുറിയിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും വിദ്യാലയങ്ങളിൽ വേർ തിരിവ് നേരിടുന്ന സാഹചര്യങ്ങളുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആലപ്പുഴയിൽ എൽപി സ്കൂളിൽ വച്ച് പട്ടിക ജാതിയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ജാതി അധിക്ഷേപം നേരിട്ടതായി വാർത്തകൾ വന്നത്. ദേവസ്വം ബോർഡ് നടത്തിയ പരീക്ഷ ജയിച്ച് കഴകം തസ്തികയിൽ നിയമിതനായ പിന്നോക്ക വിഭാഗക്കാരന് തൃശൂർ കൂടൽ മാണിക്യം ക്ഷേത്രത്തിൽ നേരിടേണ്ടി വന്ന വിവേചനം വാർത്തകളായിട്ടും ഏറെ നാളുകളായില്ല. ആവശ്യമായ യോഗ്യതകൾ ഉണ്ടായിട്ടും തസ്തികയിലേക്കുള്ള പ്രവേശന പരീക്ഷ പൂർത്തിയാക്കി നിയമനം ലഭിച്ച ശേഷമായിരുന്നു ഈ വിവേചനമെന്നതാണ് ശ്രദ്ധയാവുന്നത്.
എറണാകുളം ജില്ലാ ജയിലിൽ ഡോക്ടർക്കെതിരെയാണ് ജാതി അധിക്ഷേപ ആരോപണം ഉയർന്നത്. പട്ടിക ജാതിക്കാരിയായ ഫാർമസിസ്റ്റിനെ ജാതിപ്പേര് വിളിച്ചതിനാണ് എറണാകുളം ജില്ലാ ജയിലിലെ ഡോക്ടർക്കെതിരെ കേസ് എടുത്തത് ഈ വർഷം മാർച്ചിലായിരുന്നു. പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള യുവതി സ്ഥലം മാറിയതിന് പിന്നാലെ ഓഫീസിൽ ശുദ്ധി കലശം നടത്തണമെന്ന ആവശ്യമുയർന്നത് സെക്രട്ടേറിയേറ്റിൽ നിന്നാണ്. സെക്രട്ടേറിയേറ്റിലെ ജീവനക്കാരുടെ അസോസിയേഷൻ നേതാവാണ് പട്ടിക ജാതി വിഭാഗത്തിലെ യുവതിയുടെ സ്ഥലം മാറ്റത്തിന് പിന്നാലെ ഓഫീസിൽ ശുദ്ധികലശം നടത്തണമെന്ന് ആവശ്യപ്പെട്ടത്.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പാലക്കാട് നഗരത്തിലെ പൊതുശ്മശാനത്തിൽ എൻഎസ്എസിനായി പ്രത്യേക സ്ഥലം അനുവദിച്ചതിനേ തുടർന്നുള്ള പ്രതിഷേധങ്ങളും ഈ വർഷ തന്നെയാണ് നടന്നത്. വർഷങ്ങൾക്ക് മുൻപ് ഇവിടെ ബ്രാഹ്മണർക്ക് മാത്രമായി ഷെഡ് നിർമ്മിച്ചിരുന്നു. കൊച്ചിയിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഡിജിഎം, എജിഎം എന്നിവരിൽ നിന്ന് അസിസ്റ്റന്‍റ് മാനേജർക്ക് ജാതി അധിക്ഷേപം നേരിട്ടതായി പരാതി ഉയർന്നതും ഈ വർഷം തന്നെയായിരുന്നു. ദുരഭിമാനക്കൊലകളും ജാതി വെറി ആക്രമണങ്ങളും വാർത്തകളായി വരുന്ന സമയത്ത് ഉത്തരേന്ത്യയിലേക്ക് നോക്കൂവെന്ന് മലയാളികൾ ചൂണ്ടിയിരുന്ന അതേ വിരൽ ഇന്ന് നമ്മുക്ക് നേരെയും ചൂണ്ടുന്ന സാഹചര്യവും ഇന്നുണ്ട്. മതസ്പർദ്ധയുടേയും വിഭാഗീയ ചിന്തകളുടേയും വൈറസ് ഇന്ന് മലയാളികൾക്കിടയിലും സജീവമാണ്. 2023ൽ പുറത്ത് വന്ന കണക്കുകൾ അനുസരിച്ച് അഞ്ചര വർഷത്തിനുള്ളിൽ കേരളത്തിൽ നടന്നത് അഞ്ച് ദുരഭിമാന കൊലപാതകങ്ങളായിരുന്നു.
ജാതിയും മതത്തിനുമായുള്ള കോളങ്ങൾ പൂരിപ്പിക്കാതെ 124147 കുട്ടികൾ കേരളത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുന്നുവെന്ന 2018ൽ പുറത്ത് വന്ന കണക്ക് മലയാളികൾ ഏറെ അഭിമാനത്തോടെ ചർച്ച ചെയ്തിരുന്നുവെങ്കിലും നിലവിൽ അഭിമാനത്തിന് കോട്ടം വരുന്ന നിരവധി സംഭവങ്ങളാണ് കേരളത്തിൽ സംഭവിക്കുന്നത്. പട്ടിക ജാതി വിഭാഗക്കാർക്ക് സിനിമാ മേഖലയിൽ ഉയർന്ന് വരാനുള്ള പ്രോത്സാഹനത്തിന് നൽകുന്ന സാമ്പത്തിക സഹായത്തിന് മുതിർന്ന ചലചിത്രകാരൻ അടൂർ എസ് ഗോപാലകൃഷ്ണൻ രൂക്ഷമായി വിമർശിച്ചത് കഴിഞ്ഞ വാരത്തിലായിരുന്നു. അടൂറിന്റെ വിമർശനത്തിന് പിന്തുണയുമായി കലാ സാഹിത്യ മേഖലയിൽ നിന്ന് നിരവധിപ്പേരും വന്നിരുന്നു. അടൂറിന്റെ പരാമർശങ്ങൾക്ക് നേരെ പ്രതിഷേധിച്ച സംഗീത നാടക അക്കാദമി ഉപാധ്യക്ഷ കൂടിയായ പുഷ്പവതി ആരാണെന്ന് ചോദിച്ചവരിൽ മുതിർന്ന ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും ഉൾപ്പെട്ടിരുന്നു.
ജാതിപരമായ വിവേചനത്തിനെതിരായ പിന്നോക്ക വിഭാഗത്തിന്റെ ശക്തമായ പ്രതികരണങ്ങൾ പ്രതിരോധിക്കാൻ മലയാളികൾ വിനായകന്റെ സമൂഹ മാധ്യമങ്ങളിലെ പ്രയോഗങ്ങൾ കടമെടുക്കുന്നതും ഇന്ന് സമൂഹമാധ്യമങ്ങളിൽ പതിവാണ്. തുറന്നെഴുത്തുകളും ജാതി വ്യവസ്ഥയുടെ നേർക്കുമുയരുന്ന ചോദ്യങ്ങളും രൂക്ഷമായ സൈബർ വിചാരണകൾക്കും വേദിയാകുന്നുമുണ്ട്. സാംസ്കാരികമായി മുൻനിരയിൽ ഉള്ളവർ തന്നെ ഇത്തരം ആക്രമങ്ങളെ പിന്തുണയ്ക്കുന്ന ആശങ്കാപരമായ പ്രവണതയും അടുത്തിടെ ഏറിയിട്ടുണ്ട്.
ദുരാചാരങ്ങള്‍ നീങ്ങിയിട്ടുണ്ടെങ്കിലും കേരളത്തിന്റെ പൊതുമനസ്സില്‍ നിന്ന് ജാതി ചിന്തയുടെ വേരുകള്‍ പൂര്‍ണമായും പിഴുതെറിയാനായിട്ടില്ലെന്ന് അടുത്ത കാലത്ത് മാത്രം നടന്ന പല സംഭവങ്ങളും നൽകുന്ന പ്രകടമായ സൂചനകൾ. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ സാമൂഹിക പരിഷ്‌കാരത്തിന്റെയും ശാസ്ത്ര ബോധത്തിന്റെയും നിലപാടുകളുമായി മുന്‍കാലങ്ങളില്‍ ജാതി സംഘടനാ നേതാക്കളാണെത്തിയിരുന്നതെങ്കില്‍ ഇപ്പോഴവർ നീങ്ങുന്നത് എതിര്‍ ദിശയിലേക്കാണ്.ജാതിയുടെ പേരില്‍ ഇപ്പോഴും നാട്ടില്‍ ആളുകളെ തരം തിരിക്കപ്പെടുന്നുണ്ടെന്നതും സവര്‍ണ-അവര്‍ണ വ്യത്യാസം നിലനില്‍ക്കപ്പെടുന്നുണ്ടെന്നതുമെല്ലാം കൗതുകത്തോടെയും ആശങ്കയോടും കൂടി മാത്രമേ കാണാനാകുകയുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം