
കോഴിക്കോട്: അപകടങ്ങള്‍ തുടര്‍ക്കഥയായതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ ബാലുശ്ശേരി കരുമലയിലെ അപകട വളവില്‍ അവസാനമായി പൊലിഞ്ഞത് കുതിരക്കോലം കലാകാരന്‍റെ ജീവന്‍. പടയണിയുടെ ഭാഗമായ കുതിരക്കോലം കെട്ടിയാടി വടക്കേ മലബാറില്‍ ശ്രദ്ധേയനായ ബാലന്‍ പൊയില്‍ക്കാവാണ് കഴിഞ്ഞ മൂന്നാം തിയ്യതിയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ബാലനെ നിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഒരു ഓട്ടോ ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു.
കുരുത്തലോയണിഞ്ഞ് പാള കൊണ്ട് കുതിരത്തല കെട്ടി നാട്ടിലെല്ലാം തുടികൊട്ടിയാടിയിരുന്നത് ബാലനാണ്. ശ്രീരാമന്‍ പട ജയിച്ചതിന്‍റെ ആഹ്ലാദത്തില്‍ ക്ഷേത്രാങ്കണങ്ങളില്‍ കെട്ടിയാടിയിരുന്ന നാടന്‍ കലാരൂപമാണ് കുതിരക്കോലം. കൂലിവേല ചെയ്ത് ജീവിക്കുമ്പോഴും ഈ കലാരൂപത്തെ ബാലന്‍ വിവിധയിടങ്ങളില്‍ അവതരിപ്പിച്ചിരുന്നു. കരകൗശല വിദഗ്ധന്‍ കൂടിയായ അദ്ദേഹത്തിന് സംസ്ഥാന ഫോക്‌ലോര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
വെള്ളത്തില്‍ അഭ്യാസങ്ങള്‍ കാണിച്ചിരുന്ന ബാലന്‍ ഇതിനിടെ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്ന അഞ്ച് ജീവനുകൾ രക്ഷപ്പെടുത്തിയിട്ടുണ്ട്. കിണറ്റില്‍ വീണ മൂന്ന് പേരെയും ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെയും ഒരു പശുവിനെയുമാണ് ഈ അനുഗ്രഹീത കലാകാരന്‍ ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയത്. അപ്രതീക്ഷിതമായുണ്ടായ അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ ഒരു നാടൊന്നാകെ വേദനയില്‍ കഴിയുകയാണിപ്പോള്‍.