തുലാവര്‍ഷമഴ തുടരുന്നു; കോട്ടൂരില്‍ കാര്‍ ഒഴുകി പോയി, അമ്പൂരിയില്‍ ഉരുള്‍പൊട്ടല്‍

By Web TeamFirst Published Oct 19, 2019, 7:34 AM IST
Highlights

കോട്ടൂർ അഗസ്ത്യവന മേഖലയിലുണ്ടായ ശക്തമായ മഴയിൽ കാർ ഒഴുകി പോയി. കാറിനുള്ളിൽ കുടുങ്ങിയ ആളെ നാട്ടുകാരൻ സാഹസികമായി രക്ഷപ്പെടുത്തി.

തിരുവനന്തപുരം: തുലാവർഷം ശക്തി പ്രാപിച്ചതിനാൽ സംസ്ഥാനത്ത് ഇന്നും മഴ തുടരും. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റ് വീശാനിടയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

വെള്ളിയാഴ്ച പെയ്ത കനത്ത മഴയില്‍ തിരുവനന്തപുരം അമ്പൂരിയിലെ കുന്നത്തുമല ഓറഞ്ചുകാടിൽ വൈകീട്ടോടെ ഉരുൾപൊട്ടലുണ്ടായി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശത്തെ തോട് ഗതിമാറി ഒഴുകി. ഒരേക്കറോളം കൃഷി ഭൂമി ഒലിച്ചു പോയി. 

കോട്ടൂർ അഗസ്ത്യവന മേഖലയിലുണ്ടായ ശക്തമായ മഴയിൽ കാർ ഒഴുകി പോയി. കാറിനുള്ളിൽ കുടുങ്ങിയ ആളെ നാട്ടുകാരൻ സാഹസികമായി രക്ഷപ്പെടുത്തി. ശക്തമായ വെള്ളപ്പാച്ചിലിനിടെ റോഡിന് കുറുകെ കടന്നുപോകാൻ ശ്രമിക്കുന്പോഴാണ് അപകടമുണ്ടായത്. 

അഗസ്ത്യവനത്തിനുള്ളിലെ കോട്ടൂർ വാലിപ്പാറ റോഡിൽ മൂന്നാറ്റുമുക്കിലാണ് കാർ ഒഴിക്കിൽപ്പെട്ടത്. വെള്ളത്തിലേക്ക് ഇറങ്ങിയ കാർ മുന്നോട്ട് പോകാനാകാതെ നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുക്കിൽ പെടുകയായിരുന്നു. രണ്ടുപേർ കാറിൽ നിന്നും ചാടിരക്ഷപ്പെട്ടു. 

തുടർന്ന് അരകിലോമീറ്ററോളം ഒഴുകിപ്പോയ കാറിൽ നിന്നും ഡ്രൈവറെ പ്രദേശവാസിയായ സുനിൽകുമാർ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ഒറ്റശേഖരമംഗലം സ്വദേശി രാധാകൃഷ്ണൻ നായർ, വിഴിഞ്ഞം സ്വദേശി ഷമീർ , പോത്തൻകോട് സ്വദേശി നാസർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

click me!