
കേരളത്തിനകത്തെ കന്നുകാലി ചന്തകളിൽ, ചർമ്മ മുഴ ഉൾപെടെ വൈറസ് രോഗമുള്ള കാലികളെ ഇറച്ചിക്കായി യഥേഷ്ടം വിറ്റഴിക്കുന്നു. സംസ്ഥാനത്തെ എറ്റവും വലിയ ചന്തയായ പാലക്കാട് കുഴൽമന്ദത്ത്, രോഗം ബാധിച്ച് ചാവാറായ മാടുകളെ വിലപേശി വിൽപന നടത്താൻ ഏജന്റുമാരുണ്ട്. ചന്തയിലോ പിന്നീടവയെ മറ്റിടങ്ങളിൽ എത്തിച്ച് കശാപ്പ് ചെയ്യുമ്പോഴോ ഒരു പരിശോധനയും നടക്കുന്നില്ല. ഫുഡ് എല്ലാം ഗുഡ് അല്ല, ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടരുന്നു...
കേരളത്തിനകത്ത് ചന്തയിലെ കച്ചവടം നിയമങ്ങളെല്ലാം പാലിച്ചാണെന്ന സർക്കാർ അവകാശ വാദം ശരിയാണോ എന്ന അന്വേഷിക്കാനാണ് കന്നുകാലികളെ വാങ്ങാനെന്ന രീതിയിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം പാലക്കാട് കുഴൽമന്ദത്തെ ആഴ്ച ചന്ത എത്തിയത്. ചർമ്മമുഴ രോഗമുള്ള മാടുകൾ ഇവിടെ യഥേഷ്ടം ലഭ്യമാണ്. നിവർന്ന് നിൽക്കാൻ പോലും ത്രാണിയില്ലാത്ത വൈറസ് രോഗം ബാധിച്ച കന്നുകാലികളെ ഇറച്ചിവിലയ്ക്കെങ്കിലും വിറ്റൊഴിവാക്കാനാണ് ഉടമയുടെ ശ്രമം. വഴിയിൽ പരിശോധന ഉണ്ടാകില്ലേ എന്ന് ചോദിച്ചപ്പോൾ ഒരു പ്രശ്നവുമില്ലെന്നും പിടിച്ചാൽ തന്നെ ചെറിയൊരു കൈക്കൂലി കൊടുത്താൻ മതിയെന്നുമാണ് ഏജന്‍റുമാര്‍ പറയുന്നത്.
കുളമ്പ് രോഗമുൾപെടെയുള്ള മാടുകൾ ചന്തയിലുണ്ടെങ്കിലും ഇതൊന്നും പരിശോധിക്കാൻ ആരോഗ്യവകുപ്പിൽ നിന്നൊരാൾപോലും ചന്തയിലില്ല. നൂറ് മീറ്റർ മാത്രം അപ്പുറത്താണ് കുഴൽമന്തം മൃഗാശുപത്രി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിന്തുറാണി ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങൾക്കാണെന്ന് കൈകഴുകുന്നു.
മൃഗങ്ങളുടെ കശാപ് സംസ്ഥാനത്ത് നടക്കുന്നത് എങ്ങനെയാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം പിന്നീട് പരിശോധിച്ചത്. പല ദിവസങ്ങളിലായി പുലർച്ചെ മൂന്നുമണിയോടെ വിവിധ ജില്ലകളിലെ ഇറച്ചിക്കടകളിൽ പോയി നോക്കി. കശാപ്പിന് മുമ്പും ശേഷവും മൃഗഡോക്ടർ പരിശോധന നടത്തി അസുഖമില്ലാത്തതാണെന്ന് ഉറപ്പ് വരുത്തണമെന്നാണ് നിയമം. പക്ഷെ രണ്ടാൾക്ക് നിന്ന് തിരിയാനിടമില്ലാത്ത കുടുസുമുറികളിൽ അത്യന്തം വൃത്തിഹീനമായ സാഹചര്യത്തിലാണ് പലയിടത്തും കശാപ്പും വിൽപനയും. ഇതെല്ലാം നമ്മുടെ കൺമുന്നിൽ നടക്കുമ്പോൾ സർക്കാർ എന്തുചെയ്യുന്നു എന്നതാണ് ചോദ്യം. സർക്കാർ കാര്യം മുറപോലെ നടക്കുമ്പോൾ മലയാളി എന്തുറപ്പിൽ ആരെ വിശ്വസിച്ച് ഭക്ഷണം കഴിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam