
ആലപ്പുഴ: കാറില്‍ സ്വിമ്മിംഗ് പൂള്‍ സജ്ജീകരിച്ച് കുളിച്ച് യാത്ര ചെയ്ത വ്ലോഗര്‍ സഞ്ജു ടെക്കി സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന് വിശദീകരണം നല്‍കി. മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസിനാണ് വിശദീകരണം നല്‍കിയത്. വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലെന്നായിരുന്നു സഞ്ജു ടെക്കിയുടെ വിശദീകരണം. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും കൂടുതല്‍ കടുത്ത നടപടിയിലേക്ക് കടക്കരുതെന്നും വിശദീകരണത്തില്‍ സഞ്ജു ടെക്കി വ്യക്തമാക്കുന്നത്. സഞ്ജു ടെക്കിയുടെ വിശദീകരണം പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒ അറിയിച്ചു.
അതേസമയം, കാനുള്ളിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് കുളിച്ച് യാത്ര ചെയ്ത വ്ലോഗർ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹികസേവനം തുടരുകയാണ്. ഇക്കഴിഞ്ഞ ജൂണ്‍ 11നാണ് സാമൂഹിക സേവനം ആരംഭിച്ചത്. 15 ദിവസത്തേക്കാണ് ഇവർക്ക് ശിക്ഷ നൽകിയിരിക്കുന്നത്. ഇനി 11 ദിവസം കൂടി ആലപ്പുഴ മെഡിക്കൽ കോളേജിൽ സേവനം ചെയ്യണം.
നേരത്തെ സാമൂഹിക സേവനം നടത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ശിക്ഷ നടപടിയുടെ ഭാഗമായിട്ടാണ് സഞ്ജു ടെക്കിക്കും സുഹൃത്തുക്കൾക്കും സാമൂഹിക സേവനം നൽകിയത്. രാവിലെ 8 മുതൽ 2 വരെയാണ് സേവനം ചെയ്യേണ്ടത്. യൂട്യൂബിൽ നാല് ലക്ഷം ഫോളോവേഴ്സുള്ള സഞ്ജു ടെക്കി രണ്ടാഴ്ച മുമ്പാണ് സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സ്വിമ്മിംഗ് പൂളൊരുക്കിയത്. കാറിന് നടുവിലെ രണ്ട് സീറ്റുകൾ മാറ്റി പകരം പ്ലാസ്റ്റിക് ടർപോളിൻ കൊണ്ട് സ്വിമ്മിംഗ് പൂൾ തയ്യാറാക്കി. തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്യുകയായിരുന്നു.
ഇതിന്‍റെ ദൃശ്യങ്ങൾ ട്യൂബിൽ പോസ്റ്റ് ചെയ്തു. യാത്രക്കിടെ ടര്‍പോളിന് ചോര്‍ച്ചയുണ്ടായി വെള്ളം കാറിനുള്ളിൽ പടർന്നു. എൻജിനിലടക്കം വെള്ളം കയറി. വശത്തെ സീറ്റിലെ എയർ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഇവർ വെള്ളം മുഴുവൻ റോഡിലേയ്ക്ക് ഒഴുക്കിവിട്ടു. യൂട്യൂബിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആർടിഒ എൻഫോഴ്സ്മെൻ്റ് വിഭാഗം കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam