Latest Videos

കടലാക്രമണ സാധ്യത; തീരദേശങ്ങളിൽ ഉള്ളവർക്ക് ജാഗ്രതാ നിര്‍ദ്ദേശം

By Web TeamFirst Published May 17, 2022, 2:24 PM IST
Highlights

വേലിയേറ്റ സമയങ്ങളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളിൽ കടലിലേക്കുള്ള മഴവെള്ളത്തിന്‍റെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും സാധ്യതയുണ്ട്. 

തിരുവനന്തപുരം: കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീരദേശങ്ങളിൽ ഉള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. 2022 മെയ് 17 മുതൽ 21 വരെ കടൽ പ്രക്ഷുബ്ധമാവാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ വേലിയേറ്റത്തിന്‍റെ നിരക്ക് (രാവിലെ 11 മുതൽ ഉച്ചക്ക് 2 വരെയും, രാത്രി 10.30 മുതൽ അർധരാത്രി വരെയും) സാധാരണയിൽ കൂടുതലാവാൻ സാധ്യത ഉള്ളതിനാൽ തീരദേശങ്ങളിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്. വേലിയേറ്റ സമയങ്ങളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളിൽ കടലിലേക്കുള്ള മഴവെള്ളത്തിന്‍റെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും സാധ്യതയുണ്ട്. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കുക. മത്സ്യത്തൊഴിലാളികൾക്കുള്ള മത്സ്യബന്ധന വിലക്ക് അവസാനിക്കുന്നത് വരെ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോവാൻ പാടുള്ളതല്ല.   

ഇന്നും നാളെയും സംസ്ഥാനത്ത് പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഒൻപത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. ഉച്ചയ്ക്ക് ശേഷം മഴ ഒന്ന് കൂടി കനക്കും. നാളെ തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള 7 ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. മൂന്ന് ദിവസം കൂടി വ്യാപക മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും ശക്തമായ പടിഞ്ഞാറൻ കാറ്റും മഴയ്ക്ക് ശക്തി കൂട്ടും. 
 

click me!