'സഭാ നിലപാട് പാറപോലെ ഉറച്ചത്'; ഭീകരപ്രസ്ഥാനങ്ങളെ വെള്ളപൂശാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുമെന്ന് സിബിസിഐ

By Web TeamFirst Published Sep 12, 2021, 11:17 PM IST
Highlights

 ഭീകര പ്രസ്ഥാനങ്ങളുടെ ചെയ്തികളെയാണ് സഭ എതിര്‍ക്കുന്നത്. ഇക്കാര്യത്തില്‍ സഭയുടെ നിലപാടുകള്‍ പാറപോലെ ഉറച്ചതാണെന്നും  സെബാസ്റ്റ്യന്‍ വിശദീകരിച്ചു.

കോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി സിബിസിഐ. വോട്ടുരാഷ്ട്രീയത്തിന്‍റെ മറവില്‍ ഭീകരപ്രസ്ഥാനങ്ങളെയും തീവ്രവാദി സംഘടനകളെയും വെള്ളപൂശാന്‍ ശ്രമിക്കുന്നവരെ കേരളസമൂഹം ഒറ്റപ്പെടുത്തുമെന്ന്  സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി വി സി സെബാസ്റ്റ്യന്‍ പറഞ്ഞു.  ഭീകര പ്രസ്ഥാനങ്ങളുടെ ചെയ്തികളെയാണ് സഭ എതിര്‍ക്കുന്നത്. ഇക്കാര്യത്തില്‍ സഭയുടെ നിലപാടുകള്‍ പാറപോലെ ഉറച്ചതാണെന്നും  സെബാസ്റ്റ്യന്‍ വിശദീകരിച്ചു.

സിബിസിഐ പ്രതികരണം 

വിവിധ മതങ്ങളെയും വിശ്വാസങ്ങളെയും ഏറെ ആദരവോടെ കാണുന്നവരാണ് ക്രൈസ്തവര്‍. ഭീകര പ്രസ്ഥാനങ്ങളുടെ ചെയ്തികളെയാണ് ക്രൈസ്തവസഭ എതിര്‍ക്കുന്നത്. ഇക്കാര്യത്തില്‍ സഭയുടെ നിലപാടുകള്‍ മാറ്റമില്ലാത്തതും പാറപോലെ ഉറച്ചതുമാണ്. മതേതരത്വം നിരന്തരം പ്രസംഗിക്കുകയും അതേസമയം തീവ്രവാദികള്‍ക്ക് പാദസേവ നടത്തുകയും ചെയ്യുന്നവര്‍ ക്രൈസ്തവരെ മതേതരത്വം പഠിപ്പിക്കേണ്ട. നൂറ്റാണ്ടുകളായി ക്രൈസ്തവര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും വിവിധ ശുശ്രൂഷകളിലൂടെയും മതമല്ല, മറിച്ച് മതേതരത്വവും സാഹോദര്യവും സ്‌നേഹ സംസ്‌കാരവുമാണ് പങ്കുവച്ചത്. സാക്ഷരകേരളം അക്ഷരം പഠിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ മുഖ്യസംഭാവന ക്രൈസ്തവരുടേതാണെന്ന് മറക്കരുത്. 

ഭീകര തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ വ്യക്തവും ശക്തവുമായ നിലപാടുകള്‍ ക്രൈസ്തവ സമുദായത്തിനുണ്ട്. കാശ്മീരും കാബൂളും കേരളത്തില്‍ ആവര്‍ത്തിക്കരുതെന്നും ഈ നാടിന്റെ ഊര്‍ജവും കരുത്തും പ്രതീക്ഷയുമായ യുവതലമുറ നഷ്ടപ്പെടരുതെന്നും അതിയായ ആഗ്രഹവുമുണ്ട്. ഭീകരപ്രസ്ഥാനങ്ങളുടെ അടിവേരുകള്‍ കേരളത്തിലെന്നും, ഇവരുടെ ഇടത്താവളമായി കേരളം മാറിയിരിക്കുന്നുവെന്നും വെളിപ്പെടുത്തിയത് ക്രൈസ്തവരല്ല. മറിച്ച് യുഎന്‍ ഉള്‍പ്പടെ രാജ്യാന്തര ഏജന്‍സികളും കേന്ദ്ര സര്‍ക്കാരും കേരളത്തിലെ പൊലീസ് ഉന്നതരുമാണ്. എന്നിട്ടും കണ്ണുതുറക്കാത്ത ഉത്തരവാദിത്തപ്പെട്ടവരുടെ അന്ധത തുടര്‍ന്നാല്‍ വലിയ വെല്ലുവിളികള്‍ കേരള സമൂഹം നേരിടേണ്ടി വരുന്ന ദിനങ്ങള്‍ വിദൂരമല്ലെന്നും വി സി സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!