
കൊച്ചി: ആശുപത്രി ഉടമയെ കള്ളകേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ട ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന് എട്ടര വർഷം തടവും അമ്പതിനായിരം രൂപ പിഴയും. ആദായ നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ ഇൻസ്പെക്ടർ കെകെ ദിനേശനെയാണ് കൊച്ചി സിബിഐ കോടതി ശിക്ഷിച്ചത്. അഴിമതി നിരോധന നിയമത്തിലെ രണ്ട് വകുപ്പുകളിലായി നാല് വർഷവും നാലര വർഷവുമാണ് തടവ്.
ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് കൊച്ചി സിബിഐ പ്രത്യേക കോടതി ജഡ്ജ് കെകെ ബാലകൃഷ്ണൻ വ്യക്തമാക്കി. മൂവാറ്റുപുഴയിലെ ഡോ. എസ് സബൈനിൽ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രതിയെ സിബിഐ പിടികൂടിയത്. 2017 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ആശുപത്രിയിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥൻ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയെന്നും കേസിൽ നിന്ന് ഒഴിവാക്കാൻ 10 ലക്ഷം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.
മലപ്പുറത്ത് കടയ്ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന പി.ഡി. സുരേഷ് ആണ് ശിക്ഷിക്കപ്പെട്ടത്. രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ സുരേഷ് കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.
2009 ജനുവരി 23ന് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ കോടതി വിധി പറഞ്ഞത്. ആ സമയത്ത് കരുവാരക്കുണ്ട് ജംഗ്ഷനിൽ പുതിയതായി ആരംഭിച്ച ടൈൽ ആൻഡ് സിറാമിക് കടയുടെ ഉടമസ്ഥനാണ് പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്. കരുവാരക്കുണ്ട് സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന പി.ഡി സുരേഷ്, കടയ്ക്ക് ലൈസൻസ് അനുവദിക്കുന്നതിന് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടു. 2009 ജനുവരി 23ന് രണ്ടായിരം രൂപ കൈക്കൂലി വാങ്ങവേ മലപ്പുറം വിജിലൻസ് മുൻ ഡി.വൈ.എസ്.പി അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. കേസില്‍ സുരേഷ് കുറ്റക്കാരനാണെന്ന് കോഴിക്കോട് വിജിലൻസ് കോടതി കണ്ടെത്തി. രണ്ട് വകുപ്പുകളിലായി ഒരു വർഷം വീതം തടവും ഇരുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ അരുൺനാഥ് ഹാജരായി.
കൈക്കൂലി അറസ്റ്റിനിടെ അബദ്ധം പിണഞ്ഞ് വിജിലൻസ്; കൈക്കൂലിക്കാരനെന്ന് കരുതി ആദ്യം പിടികൂടിയത് തഹസിൽദാരെ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam