ഫസൽ വധക്കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിച്ചെന്ന് സിബിഐ: സർക്കാരിനും സിപിഎമ്മിനും പുതിയ തലവേദന

Published : Nov 18, 2021, 02:10 PM IST
ഫസൽ വധക്കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിച്ചെന്ന് സിബിഐ: സർക്കാരിനും സിപിഎമ്മിനും പുതിയ തലവേദന

Synopsis

ഫസൽ വധക്കേസിന് പിന്നിൽ ആർഎസ്എസ് ബന്ധമല്ല സിപിഎം ബന്ധം തന്നെയാണെന്ന് സ്ഥാപിച്ചു കൊണ്ടുളള തുടരന്വേഷണ റിപ്പോ‍ർട്ടിലാണ് സംസ്ഥാന സർക്കാരിനേയും പൊലീസിനേയും വെട്ടിലാക്കുന്ന ശുപാർശകളുളളത്. 

കൊച്ചി: ഫസൽ വധക്കേസ് അന്വേഷിച്ച പൊലീസുദ്യോഗസ്ഥ‍ർക്കെതിരെ നടപടി വേണമെന്ന സിബിഐ ശുപാർശ സംസ്ഥാന സർക്കാരിനും സിപിഎമ്മിനും തലവേദനയാകും. സിപിഎം നേതാക്കൾ പ്രതികളായ കേസിൽ വിചാരണ അട്ടിമറിക്കാനാണ് സംസ്ഥാന പൊലീസ് ഉദ്യേഗസ്ഥർ ശ്രമിച്ചതെന്ന സൂചനയാണ് സിബിഐ മുന്നോട്ടുവയ്ക്കുന്നത്.

ഫസൽ വധക്കേസിന് പിന്നിൽ ആർഎസ്എസ് ബന്ധമല്ല സിപിഎം ബന്ധം തന്നെയാണെന്ന് സ്ഥാപിച്ചു കൊണ്ടുളള തുടരന്വേഷണ റിപ്പോ‍ർട്ടിലാണ് സംസ്ഥാന സർക്കാരിനേയും പൊലീസിനേയും വെട്ടിലാക്കുന്ന ശുപാർശകളുളളത്. തലശേരി മോഹനൻ കൊലക്കേസിൽ അറസ്റ്റിലായ ആർ എസ് എസ് പ്രവർത്തകൻ സുബീഷിന്‍റെ മൊഴി മുൻ നിർത്തിയാണ് ഫസൽ കേസിൽ സിപിഎം അല്ലെന്ന് സ്ഥാപിക്കാൻ സംസ്ഥാന പൊലീസ് ശ്രമിച്ചതെന്നാണ് കണ്ടെത്തൽ. ഈ മൊഴി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ എസ് പി സദാനന്ദൻ അടക്കമുളളവർ വ്യാജമായി ഉണ്ടാക്കിയതാണെന്നും നടപടി വേണമെന്നുമാണ് സിബിഐയുടെ ആവശ്യം. 

തലശേരി മുൻ ഡിവൈഎസ്പി ആയിരുന്ന പ്രിൻസ് എബ്രഹാം. സിഐ ആയിരുന്ന സുരേഷ് ബാബു എന്നിവർക്കെതിരെയും നടപടിക്ക് ശുപാർശയുണ്ട്. വ്യാജ മൊഴി ഉണ്ടാക്കിയെന്ന് മാത്രമല്ല ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സിപിഎം സൈബർ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. ഇതുവഴി കൊലപാതകത്തിന് പിന്നിൽ ആ‍‌ർഎസ്എസ് എന്ന് വരുത്തി തീർക്കാനുളള മനപൂ‍വമുളള ഗൂഡാലോചനയാണ് നടന്നത്. സുബീഷിനെ ചട്ടവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് തയാറാക്കിയ മൊഴിയ്ക്ക് പരസ്പര ബന്ധമില്ലെന്നും സിബിഐ സ്ഥാപിക്കുന്നു. 

ഇതോടെ ഫസൽ വധക്കേസ് അന്വേഷണവും സിബിഐയുടെ കണ്ടെത്തലും അട്ടമറിക്കാനുളള ആസൂത്രിത നീക്കമാണ് നടന്നതെന്ന സംശയമാണ് ബലപ്പെടുന്നത്. സിപിഎമ്മിനേയും സർക്കാരിനേയും ആഭ്യന്തര വകുപ്പിനേയും തന്നെ പ്രതിക്കൂട്ടിലാക്കുന്ന കണ്ടെത്തലാണിത്. ഉന്നത കേന്ദ്രങ്ങളുടെ സമ്മദർദ്ദത്തിലാണ് പൊലീസുദ്യോഗസ്ഥർ കേസിനെ വഴിതിരിച്ച് വിടാൻ ശ്രമിച്ചതെന്നും സംശയിക്കപ്പെടും. എന്തായാലും കോടതിയിലെത്തുമ്പോൾ കേസ് അട്ടിമറിക്കാനുളള പ്രതിഭാഗത്തിന്‍റെ നീക്കങ്ങളായി സിബിഐ തന്നെ റിപ്പോർട്ടിനെ അവതരിപ്പിക്കും. സിപിഎം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനുമാണ് കേസിലെ പ്രധാന പ്രതികൾ. 

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ